road

വള്ളിക്കോട് : ഗുരുമന്ദിരം ജംഗ്ഷനിലെ പല വീടുകളിലും രോഗികളുണ്ട്. അവരെ ആശുപത്രിയിലെത്തിക്കണമങ്കിൽ വീടുകളിലെ വാഹനത്തിൽ റോഡിന്റെ ഒരുവശം വരെ എത്തിക്കണം. അവി‌ടെ നിന്ന് ആളിനെ എടുത്തുയർത്തി റോഡിലിരുത്തണം. റോഡിൽ നിന്ന് മറ്റൊരു വാഹനം വാടകയ്ക്ക് വിളിച്ച് ആശുപത്രിയിലെത്തിക്കണം. രോഗികളായ വള്ളിക്കോട് രാജധാനിയിൽ രാജനും പുതിയറയിൽ രവീന്ദ്രനും ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നത് ഇങ്ങനെയാണ്.

ചന്ദനപ്പള്ളി - കോന്നി റോഡ് പണിയുടെ ഭാഗമായി വള്ളിക്കോട് ഗുരുമന്ദിരം ജംഗ്ഷനിൽ ഒന്നര മീറ്ററിലേറെയാണ് റോഡ് ഉയർത്തിയത്. ഇതുകാരണം പ്രദേശവാസികളുടെ വാഹനങ്ങൾ റോഡിലെത്താൻ കഴിയുന്നില്ല. കുത്തനെയുള്ള പൊക്കത്തിലേക്ക് ചരിവ് കൊടുക്കാതെ റോഡിൽ ഇന്റർലോക്കിടുകയും ചെയ്തു.

സമീപത്തെ പേപ്പർ കാർഡ്ബാേർഡ് ഫാക്ടറി ഒരു മാസത്തോളമായി പ്രവർത്തിക്കാതായതും റോഡ് പണിയിലെ അശാസ്ത്രീയത കാരണമാണ്. പേപ്പറുമായി വരുന്ന വാഹനങ്ങൾക്ക് പ്രധാനറോഡിൽ നിന്ന് ഫാക്ടറി പടിക്കലേക്ക് ഇറങ്ങാൻ കഴിയുന്നില്ല.

ഫാക്ടറി അടച്ചിട്ടതുകാരണം പത്തുപേർക്ക് പണിയില്ലാതായി. ഗുരുമന്ദിരത്തിന്റെ മുറ്റത്തേക്കും വാഹനങ്ങൾ ഇറക്കാൻ പറ്റാതായി.

സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ ഇരുചക്രവാഹനങ്ങൾ ഒാടിച്ചാണ് ആളുകൾ പ്രധാന റോഡിന് താഴെയായിപ്പോയ വള്ളിക്കോട് അക്ഷയ സെന്ററിൽ എത്തുന്നത്.

പത്തുമാസത്തോളമായി വളള്ളിക്കാേട് ഗുരുമന്ദിരം ജംഗ്ഷനിൽ റോഡ് ജെ.സി.ബി കൊണ്ട് കുത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. അടുത്തിടെ റോഡുപണി ഉദ്ഘാടനം ചെയ്യാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എത്തുന്നതിന് തൊട്ടുമുൻപായി ഇവിടെ ഇന്റർലോക്ക് ചെയ്തു. റോഡ് ഉയർത്തിയത് കാരണം താഴ്ചയിലേക്ക് ഇറങ്ങാൻ പടികൾ കെട്ടുക മാത്രമാണ് ചെയ്തത്. രാത്രിയിൽ ആശുപത്രികളിൽ എത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ സ്വന്തം വാഹനങ്ങൾ വീട്ടിൽ നിന്ന് ഇറക്കാൻ കഴിയാതെ നാട്ടുകാർ വിഷമിക്കും.

പ്രധാന റോഡിലേക്ക് കയറാൻ വഴി ശരിയാക്കിത്തരാമെന്ന് പറഞ്ഞ പൊതുമരാമത്ത് അധികൃതരോ പണിക്കാരോ ഇവിടേക്ക് എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു.

'' പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് ഇറങ്ങാൻ ചരിവ് നിർമിക്കും. അന്യസംസ്ഥാന തൊഴിലാളികളായ പണിക്കാർ അവധിക്ക് നാട്ടിൽ പോയതുകൊണ്ടാണ് പണികൾ വൈകിയത്.

പൊതുമരാമത്ത് റോഡ് വിഭാഗം

അസി.എൻജിനീയർ