റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ തകരാറിലായി കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി ജലവിതരണം പുനസ്ഥാപിക്കാൻ തീരുമാനമായി. സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിശോധിക്കാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് പഴവങ്ങാടി , റാന്നി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വേനൽ രൂക്ഷമാകുന്നതോടെ പ്രതിസന്ധി ഉണ്ടാകാത്ത രീതിയിൽ കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കാനാണ് എം.എൽ.എ നിർദേശം നൽകിയത്. വലിയതോടിന്റെ ചെത്തോംകര മുതൽ എസ്.സി ഹയർ സെക്കൻഡറി സ്കൂൾ പടി വരെയുള്ള ഭാഗത്തെ തോടിന് വീതി വർദ്ധിപ്പിക്കുന്നതിനായി മണ്ണ് എടുക്കുമ്പോൾ വസ്തു ഉടമകളുടെ ഭൂമി കെട്ടി സംരക്ഷിക്കുന്നതിന് അവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഇവിടെ വസ്തു കെട്ടി സംരക്ഷിക്കുന്നതിന് ഒരു മീറ്റർ സ്ഥലം ഉടമകൾ വിട്ടു നൽകേണ്ടതായി വരും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പ്ലാച്ചേരി മുതൽ ഉതിമൂട് വരെ 9 ബസ് ബേകളാണ് നിർമ്മിക്കുന്നത്. മക്കപ്പുഴ, മന്ദമരുതി ഭാഗം, എസ്സി ഹയർ സെക്കൻഡറി സ്കൂൾ പടി, വൈക്കം സ്കൂൾപടി , ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി, ഉതിമൂട് എന്നിവിടങ്ങളിലാണ് ബസ് ബേകൾ നിർമ്മിക്കുന്നത്. ഇവിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിക്കും. വൈക്കം സ്കൂൾ, ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മറ്റിടങ്ങളിൽ റോഡിനിരുവശത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിക്കും. ഇതിനായി അടുത്ത ദിവസം തന്നെ അതാത് പ്രദേശത്തെ വാർഡ് മെമ്പറുമായി സഹകരിച്ച് സ്ഥലപരിശോധന നടത്തും. ബ്ലോക്കപപടി ജംഗ്ഷൻ വൈക്കം എന്നിവിടങ്ങളിലെ ആൽമരങ്ങളും മാമുക്ക് ജംഗ്ഷൻ വികസനത്തിന് രണ്ട് തണൽമരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കും.കെ.എസ്.ഇ.ബി സൂപ്രണ്ടിംഗ് എൻജിനീയർ ബിന്ദു ,എക്സി.എൻജിനീയർ ജാസ്മിൻ എന്നിവർ ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു.