പത്തനംതിട്ട : നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ട നഗരസഭ നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ടൂറിസംമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസുമായി ചർച്ച ചെയ്തു. ജില്ലയിലെ ടൂറിസം സ്‌പോട്ടുകളെ ഉൾപ്പെടുത്തി വിശാലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് തൊഴിൽ, വരുമാനം, കച്ചവടം തുടങ്ങിയ മേഖലയിൽ ജില്ലയ്ക്ക് വലിയ സാദ്ധ്യതകളാണുള്ളത്. പത്തനംതിട്ടയിൽ അബാൻ മേൽപ്പാലം, നഗരത്തിലെ കുടിവെള്ള പദ്ധതി, സ്റ്റേഡിയം, റോഡ് ഉൾപ്പെടെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പത്തനംതിട്ട നഗരസഭയുടെ ബസ് സ്റ്റാൻഡിനോട് ചേർന്ന റിഫ്രഷ്‌മെന്റ് സെന്റർ പൊതുജനങ്ങൾക്ക് മാനസിക ഉല്ലാസത്തിനായുള്ള ഇടമാക്കി മാറ്റുന്നതിനും മിതമായ നിരക്കിൽ സിവിൽ സപ്ലൈസ് ജനകീയ ഹോട്ടൽ ഒരുക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അംബിക വേണു, ഇന്ദിര മണി, കൗൺസിലർ പി.കെ. അനീഷ്, പ്രൊഫ. ടി.കെ.ജി. നായർ, അഡ്വ.എ. സുരേഷ്‌കുമാർ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാപ്രസിഡന്റ് കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളകൗമുദി പ്രത്യേകപതിപ്പ് പ്രകാശനം ചെയ്തു
പത്തനംതിട്ട നഗരസഭ വികസന പദ്ധതികൾ സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടുകളുടെ പ്രത്യേകപതിപ്പ് മന്ത്രി വീണാജോർജ് ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലിക്കും യു.ഡി.എഫ് നഗരസഭ കക്ഷി നേതാവ് എ. ജാസിംകുട്ടിക്കും നൽകി പ്രകാശനം ചെയ്തു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പ്രത്യേക പതിപ്പ് മന്ത്രിക്ക് കൈമാറി. തുടർന്ന് നഗരസഭ കൗൺസിലർമാർക്കും പൊതുജനങ്ങൾക്കും കൈമാറി. നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ, പരസ്യ മാനേജർ ജി.മനോജ് എന്നിവരും പങ്കെടുത്തു.
കേരളകൗമുദിയുടെ പിന്തുണ പ്രചോദനമാകുന്നു: ടി.സക്കീർ ഹുസൈൻ
വികസനരംഗത്ത് കേരളകൗമുദി നൽകുന്ന പിന്തുണ വലിയ പ്രചോദനമാകുന്നുവെന്ന് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. വികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളകൗമുദിയുടേത്. ഇതിന് ഉദാഹരണമാണ് നഗരസഭയുടെ വികസന സപ്ളിമെന്റ്. കുറ്റങ്ങളും വീഴ്ചകളും കണ്ടെത്തി നിരുത്സാഹപ്പെടുത്തുകയല്ല, പോരായ്മകളെ ക്രിയാത്മകതയോടെ ചൂണ്ടിക്കാട്ടുകയാണ് കേരളകൗമുദി ചെയ്യുന്നതെന്ന് സക്കീർ ഹുസൈൻ പറഞ്ഞു.