kashmir
തിരുവല്ലയിൽ നിന്നും കാശ്‌മീരിലേക്ക് പുറപ്പെട്ട സൈക്കിൾ യാത്ര മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല: പുതുവർഷ പുലരിയിൽ തിരുവല്ലയിൽ നിന്നും കാശ്മീരിലേക്ക് യുവാവിന്റെ സൈക്കിൾ യാത്രയ്ക്ക് തുടക്കംകുറിച്ചു. ഭ്രൂണഹത്യ അവസാനിപ്പിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ഇടുക്കി ജില്ലയിലെ മുരിക്കാശേരി സ്വദേശിയും ഒൻപതു വർഷക്കാലമായി സെമിനാരി വിദ്യാർത്ഥിയുമായ പി.എ അരുണാണ് കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നത്. ഇന്നലെ രാവിലെ തിരുവല്ല ജോയ്ആലുക്കാസ് ഷോറൂം അങ്കണത്തിൽ നിന്നും യാത്ര തുടങ്ങി. ഭ്രൂണഹത്യക്കെതിരെയുള്ള മുദ്രാവാക്യം ടീ ഷർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ജീവിക്കാനുള്ള ശിശുവിന്റെ അവകാശമാണ് ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കുന്നതെന്നും ഇതിനെതിരെയുള്ള ബോധവൽക്കരണമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അരുൺ പറഞ്ഞു. ഇന്നലെ പുറപ്പെട്ട സൈക്കിൾ യാത്ര ആലപ്പുഴയിലൂടെ എറണാകുളം,തൃശൂർ,കോഴിക്കോട്,പെറുവത്തൂർ,കാഞ്ഞങ്ങാട്,കാസർഗോഡ്, മംഗലാപുരം,ഉഡുപ്പി,കാർവാർ,ഗോവ,കൊൽഹാപൂർ, പൂനെ, ലോണാവാല,മുംബൈ, താനെ,വഡോദര,ജയ്‌പൂർ,ഡൽഹി,പാനിപ്പത്ത്,കുരുക്ഷേത്ര എന്നി സ്ഥലങ്ങളിലൂടെയാണ് കാശ്മീരിൽ എത്തിച്ചേരുന്നത്. മൂന്ന് മാസങ്ങൾ കൊണ്ട് കാശ്മീരിൽ എത്തിച്ചേരുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡിനോരാജ് പോൾ (ജീസസ് യൂത്ത് പ്രൊ ലൈഫ്, ഇന്ത്യ), ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോയ്ആലുക്കാസ് ജ്വല്ലറി മാനേജർ അരുൺ കുമാർ ടി.എം, അസിസ്റ്റന്റ് മാനേജർ രാകേഷ് പി, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി.എഫ്, പി.ആർ.ഓ. ടി.സി. ലോറൻസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.