
പത്തനംതിട്ട : ജില്ലയിലെ വിവിധവകുപ്പുകളിലെ 830 പദ്ധതികൾ നടപ്പാക്കാതെ കിടക്കുന്നതായി പ്ളാനിംഗ് ഒാഫീസർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പണം മുൻകൂറായി നൽകിയിട്ടും നടപ്പാക്കാത്തതാണ് ഇവയിലേറെയും.
ജലഅതോറിറ്റിയാണ് കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ളത്, 395 എണ്ണം. കെ.എസ്.ഇ.ബിയാണ് തൊട്ടുപിന്നിൽ, 377. മറ്റുള്ള ഏജൻസികൾ കാലതാമസം വരുത്തിയ പദ്ധതികളുടെ എണ്ണം 58 ആണ്. പദ്ധതികൾ നടപ്പാക്കാൻ ജല അതോറിറ്റിക്ക് മുൻകൂറായി നൽകിയത് 24 കോടി രൂപയാണ്. 12 കോടിയോളം വൈദ്യുതി ബോർഡിനും കൈമാറി. രണ്ടേമുക്കാൽ കോടി മറ്റു ഏജൻസിക്കും നൽകിയിട്ടുണ്ട്. 2016 മുതലുള്ള പ്രവൃത്തികളാണ് നടപ്പാക്കാനുള്ളത്. 2016-17ൽ മാത്രമായി 81 നിർമ്മാണ പ്രവൃത്തികളാണ് വൈദ്യുതിവകുപ്പ് പൂർത്തിയാക്കാതിരുന്നത്. 2.25 കോടിയാണ് പദ്ധതിക്കായി നൽകിയത്.
ഇതേകാലയളവിൽ ജലഅതോറിറ്റിക്ക് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കൈമാറിയത് 3.19 കോടിയാണ്. 48 നിർമ്മാണങ്ങൾക്കായാണിത്. വർഷാവസാനം പദ്ധതി ചെലവ് നടപ്പാക്കുന്നതിന് പലതദ്ദേശസ്ഥാപനങ്ങളും തുകനേരിട്ട് ജലഅതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയ്ക്ക് കൈമാറ്റം ചെയ്യാറുണ്ട്. എന്നാൽ, പ്രവൃത്തികളുടെ നിർവാഹണത്തെക്കുറിച്ച് തദ്ദേശ തലത്തിൽ വിലയിരുത്തൽ നടക്കുന്നില്ല.
പൂർത്തിയാക്കാത്ത ഇത്തരം പ്രവൃത്തികളുടെ അവലോകനത്തിന് ജില്ലാകളക്ടർ തലത്തിൽ ഇടപെടൽ നടത്തണമെന്ന് സംസ്ഥാനതലസമിതി അടുത്തിടെ നിർദേശിച്ചിരുന്നു.
പണം മുൻകൂറായി നൽകിയിട്ടും പൂർത്തിയാകാത്ത നിർമ്മാണങ്ങളുടെ എണ്ണത്തെക്കുറിച്ച് കൂടുതൽ കൃത്യതവരുത്താനും തീരുമാനമുണ്ട്.
മുന്നിൽ ജല അതോറിറ്റിയും വൈദ്യുതിവകുപ്പും,
മുൻകൂറായി നൽകിയത് 36 കോടി