പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 232​-ാംമത്തെ സ്‌നേഹ ഭവനം പുതുവത്സര സമ്മാനമായി കവിയൂർ പുതുമല രാജമ്മക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും തിരുവല്ല ആർ.ഡി.ഒ.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ തളർന്നുകിടക്കുന്ന ഭർത്താവായ തങ്കപ്പനുമായി മകൾ മഞ്ജുവിനൊപ്പം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കുടിലിലായിരുന്നു തങ്കമ്മയുടെ താമസം. ഭർത്താവിന്റെ ചികിത്സയും വീട്ടു ചെലവുകളുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു ഇവ‌ർ. ഇതറിഞ്ഞ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയവീട് പണിത് നൽകുകയായിരുന്നു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാർ, എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ.,കെ.പി.ജയലാൽ., ആദർശ് ചിറ്റാർ.,ആർ. ജെ.അമൃത ആദർശ്.,സ്മിതാ വിനോദ്., സന്ദീപ്.എസ്.വിഘ്‌നേഷ് നാഥ് എന്നിവർ പ്രസംഗിച്ചു.