 
ചെങ്ങന്നൂർ: വരട്ടാറിൽ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ നാളെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. വരട്ടാർ തീരത്ത് മംഗലം സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന വരട്ടാർ - ആദി പമ്പ നവീകരണ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മണ്ണ് നീക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി 43.98 കോടി രൂപയ്ക്ക് ഇറിഗേഷൻ വകുപ്പാണ് ടെൻഡർ അംഗീകരിച്ചത്. എന്നാൽ പ്രദേശവാസികളെ അറിയിയ്ക്കാതെ യോഗം നടത്തിയതും വ്യാപകമായി നദിയിലെ മണ്ണ് നീക്കം ചെയ്യുന്നതും കുടിവെള്ള ക്ഷാമത്തിനൊപ്പം പാരിസ്ഥിതിക പ്രശ്‌നവും സൃഷ്ടിക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. വരട്ടാറിന്റെ ഇടിഞ്ഞു പോകുന്ന സ്ഥലത്ത് കല്ല് കെട്ടിയും കയർ ഭൂവസ്ത്രം സ്ഥാപിച്ചും പുല്ല് പിടിപ്പിച്ചും സംരക്ഷിക്കും. ആലപ്പുഴ ജില്ലയുടെ ഭാഗത്തെ നടപ്പാതയുടെ നിർമ്മാണം 2.5കോടിക്ക് ടെൻഡർ ചെയ്തിരിക്കുകയാണ്. അതിർത്തിയും പുറമ്പോക്കും വേർതിരിച്ച് കാണുന്നതിനാണ് നടപ്പാത നിർമ്മിക്കുന്നത്.ജൈവ വൈവിദ്ധ്യ ബോർഡിന്റെ വിവിധ പദ്ധതികൾ നടപ്പാതയോട് അനുബന്ധമായി നടപ്പാക്കും. നീക്കം ചെയ്യുന്ന മണ്ണ് യാർഡായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് കൂട്ടിയിട്ട ശേഷം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അളന്ന് തിട്ടപ്പെടുത്തിയ ശേഷം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ അതിന് അനുസൃതമായി മണ്ണു കൊണ്ടു പോകാനുള്ള പാസ് അനുവദിക്കുമെന്ന് ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ജെ.ബേസിൽ യോഗത്തിൽ അറിയിച്ചു. പ്രാദേശികമായി ജനങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റികൾ ഉണ്ടാക്കുകയും മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റോക്ക് രജിസ്റ്റർ ഉൾപ്പെടെ സുതാര്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ യോഗത്തിൽ അറിയിച്ചു.യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയർ പേഴ്‌സൺ റോയൽറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ജിജി മാത്യു, ജെബിൻ പി.വർഗീസ്, സി.ജി.ആശ (കോയിപ്രം),കെ.വി.സഞ്ജു (കുറ്റൂർ),കെ.ബി.ശശിധരൻ പിള്ള (ഇരവിപേരൂർ),ബിന്ദു കുരുവിള (ഇരവിപേരൂർ),സുജ രാജീവ്, ബീന ഗോവിന്ദൻ, ഗോപു പുത്തൻ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
.......................
മണ്ണ് നീക്കം ആരംഭിക്കുമ്പോൾ സ്വാഭാവികമായും നദീ തീരത്ത് ഏതാനും വർഷം ഉണ്ടാകാനിടയുള്ള ശുദ്ധജല ക്ഷാമം പരിഹരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളോ ജല അതോറിട്ടിയോ നടപടി സ്വീകരിക്കണമെന്നും പ്രാദേശികമായി ജനകീയ കമ്മിറ്റികളെ ഓരോ സമയത്തും നടക്കുന്ന പ്രവർത്തികൾ ബോദ്ധ്യപ്പെടുത്തും.
ഹരീഷ് കുമാർ
വരട്ടാർ ജനകീയ സമിതി കോ-ഓർഡിനേറ്റർ
........................
ആദി പമ്പയിൽ വ്യാപകമായി തീരം ചേർത്ത് മണ്ണെടുത്താൽ ഇടനാട്ടിൽ വലിയ തോതിൽ മണ്ണ് ഇടിയുന്നതിനു കാരണമാകുമെന്ന് വരട്ടാർ സംരക്ഷണസമിതി കൺവീനർ ശങ്കരനാരായണ പിള്ള പറഞ്ഞു. എല്ലാവരെയും യഥാസമയം അറിയിക്കാതെയാണ് യോഗം ചേർന്നത്.
.........................
ഗോപു പുത്തൻ മഠത്തിൽ
നഗരസഭാ വൈസ് ചെയർമാൻ
നിത്യേന ഖനനം ചെയ്യുന്നത് 2500 ക്യുബിക് അടി മണ്ണ്
25 മുതൽ 100 മീറ്റർ വരെ ഓരോ സ്ഥലത്തും നദിയുടെ വീതി പരിഗണിച്ചാണ് മണ്ണ് നീക്കുന്നത്. ഒക്ടോബറിൽ എഗ്രിമെന്റ് വച്ച കരാർ പ്രകാരം 8 മാസം കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. എന്നാൽ ഇപ്പോൾ പണി തുടങ്ങിയാലും പണികൾ അടുത്ത മൺസൂൺ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങേണ്ട സ്ഥിതിയാണ്. ഒരു ദിവസം 2500 ക്യുബിക് അടി മണ്ണ് ഖനനം ചെയ്യാൻ കഴിയും എന്നാണ് നിലവിലുള്ള പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.