അടൂർ : സബ് ട്രഷറിയും താലൂക്ക് ഒാഫീസും ഉൾപ്പെടെ 17 സർക്കാർ ഒാഫീസുകളും അതിലേറെ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന അടൂർ റവന്യൂ ടവറിൽ അഗ്നിശമന സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം റവന്യൂ ടവറിലെ നോട്ടറിയുടെ ഒാഫീസിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്നാണ് റവന്യൂ ടവറിന്റെ ഉടമസ്ഥാവകാശമുള്ള ഹൗസിംഗ് ബോർഡ് തിരക്കിട്ട നടപടികളിലേക്ക് തിരിഞ്ഞത്.

ഇന്നലെ അടൂരിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും ഇത് സംബന്ധിച്ച ചർച്ച സജീവമായിരുന്നു. അഞ്ച് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങൾ തുടക്കത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവത്താൽ ഇതിന്റെ ലൈസൻസ് യഥാസമയം പുതുക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ് ബന്ധപ്പെട്ടവർ ആലസ്യം വിട്ടുണർന്നത്.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഹൗസിംഗ് ബോർഡ് ചീഫ് എൻജിനീയറുടെ നിർദ്ദേശ പ്രകാരം ഇലക്ട്രിക് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ളംബിംഗ് ( എം. ഇ. പി ) വിഭാഗവും സ്ഥലപരിശോധന നടത്തി അഗ്നിശമന സംവിധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നടപടിയാരംഭിച്ചു.ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഹൗസിംഗ് ബോർഡ് ചീഫ് എൻജിനീയറും അന്തിമ പരിശോധനയ്ക്കായി റവന്യൂടവറിൽ പരിശോധന നടത്തും . മന്ത്രി പി. പ്രസാദ് ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്ന കാലത്താണ് അടൂർ റവന്യൂ ടവർ പെയിന്റിംഗ് നടത്തി നവീകരിച്ചത്. അടൂർ നഗരത്തിന്റെ തിലകക്കുറിയായ കെട്ടിടം ഹൗസിംഗ് ബോർഡ് വെറും കറവപശുവാക്കിമാറ്റുകയായിരുന്നു. കൃത്യമായ വാടക വാങ്ങുന്നതൊഴിച്ചാൽ യാതൊരു നവീകരണവും ഇവിടെ നടത്തിയിരുന്നില്ല. ഒടുവിൽ ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം പെയിന്റ് ചെയ്യുകയും അത്യാവശ്യമായ നവീകരണം നടത്തുകയും ചെയ്തപ്പോഴും യഥാസമയം ഫയർഫോഴ്സ് സംവിധാനം സംബന്ധിച്ച പരിശോധന നടത്തിയുള്ള ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നില്ല. ഇതാണ് ലൈസൻസ് പുതുക്കുന്നതിന് വിനായായത്. പുതിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ അഗ്നിശമനസേനാ വിഭാഗം ലൈസൻസ് പുതുക്കി നൽകു. ഇതിനുള്ള തിരക്കിട്ട ശ്രമങ്ങൾ ആരംഭിച്ചതോടെ റവന്യൂടവറിൽ അടിയന്തര സാഹചര്യങ്ങളെ നേടിടുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങും.