ചെങ്ങന്നൂർ: രണ്ടാം ദിനവും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരിമലയ്ക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങിയത് തീർത്ഥാടകരെ വലച്ചു. ശനിയാഴ്ച രാവിലെ മൂന്നര മണിക്കൂറാണ് ബസ് കാത്ത് തീർത്ഥാടകർ റെയിൽവേ സ്റ്റേഷൻ പരിസരത്തിരുന്നത്. വെള്ളിയാഴ്ചയും മൂന്നര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബസുകൾ പമ്പയിൽ നിന്നെത്തിയത്. ചെങ്ങന്നൂരിൽ നിന്ന് പോകുന്ന സർവീസുകൾ ആളു നിറയാതെ തിരികെ മടക്കി അയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് ബുദ്ധിമുട്ട് അറിയിച്ചിട്ടും പമ്പയിലെ കെ.എസ്.ആർ.ടി.സി. സ്‌പെഷ്യൽ ഓഫീസർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മടക്കയാത്രയും മുടങ്ങുന്നു.
ചെങ്ങന്നൂരിൽ നിന്ന് പോകുന്ന ബസുകൾ തിരികെ കൃത്യമായി വിടാത്തത് തീർത്ഥാടകരെ ഏറെ വലയ്ക്കുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റടക്കം ബുക്ക് ചെയ്തെത്തുന്ന അന്യസംസ്ഥാന തീർത്ഥാടകർക്ക് തിരികെ പോകാനുള്ള ട്രെയിൻ പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടാകുന്നത്. 51 സീറ്റിലും ആളെത്താതെ ബസുകൾ തിരികെ പോകേണ്ടെന്ന് സ്‌പെഷ്യൽ ഓഫീസറുടെ കർശന നിർദ്ദേശമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പറയുന്നത്.
ബസുകൾ വിട്ടുകിട്ടണം
ബസുകൾ കൃത്യമായി പമ്പയിൽ നിന്ന് തിരികെയെത്തിയില്ലെങ്കിൽ മകരവിളക്ക് അടുക്കുമ്പോൾ യാത്രാക്ലേശം കൂടുതൽ ദുഷ്‌കരമാകും. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു റൂട്ടുകളിലോടുന്ന സ്ഥിരം സർവീസുകൾ പകരംവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. നിലവിൽ 35 ബസുകളാണ് ചെങ്ങന്നൂരിൽ നിന്ന് സ്‌പെഷ്യൽ സർവീസായി ഓടുന്നത്. ബസുകൾ കൃത്യമായി തിരികെ അയ്ക്കാത്ത പക്ഷം പ്രതിസന്ധി പരിഹരിക്കാൻ അവയുടെ എണ്ണം ഇരട്ടിയാക്കേണ്ടി വരും. എന്നാൽ അതിനുള്ള ബസുകൾ നിലവിൽ ലഭ്യമല്ലെന്ന് കെ.എസ്.ആർ.ടി.സി തന്നെ സമ്മതിക്കുന്നു. തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും, സംഘടനകളും മുന്നിട്ടിറങ്ങുന്നില്ലെന്നും പരാതിയുണ്ട്.
ഏകോപനമില്ലെന്ന്
അയ്യപ്പ സേവാസംഘം
അന്യസംസ്ഥാന തീർത്ഥാടകർ ഉൾപ്പടെ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ചെങ്ങന്നൂരിൽ തീർത്ഥാടകർക്കുവേണ്ട സൗകര്യമൊരുക്കുന്നതിൽ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ വരുമാനം ലഭിച്ചിട്ടും തീർത്ഥാടകരോട് ഭരണകൂടവും ഉദ്യോഗസ്ഥരും കാട്ടുന്ന അവഗണന നീതീകരിക്കാൻ കഴിയില്ല. ബസ് സർവീസുകൾ കൃത്യമായി നടത്താൻ കഴിയുന്നില്ലെങ്കിൽ തീർത്ഥാടകരിൽ നിന്ന് മുൻകൂർ പണം വാങ്ങുന്നത് അവസാനിപ്പിക്കണം. ശബരിമല തീർത്ഥാടകരോട് എന്തും കാട്ടാമെന്നത് ഭരണകൂടത്തിന്റെ ധാർഷ്ട്യമാണെന്നും ഇതിനെതിരെ അയ്യപ്പസേവാസസംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്വ. ഡി. വിജയകുമാർ പറഞ്ഞു.