യോഗം നടന്നത് രണ്ടുവർഷത്തിന് ശേഷം
അടൂർ : ഏനാത്ത് മുതൽ പന്തളംവരെയുള്ള കെ.എസ് .റ്റി . പി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗത്തിൽ കർശന നിർദ്ദേശം. റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രികർക്ക് സുരക്ഷിത യാത്രയൊരുക്കി ടൈൽസും കൈവരിയും സ്ഥാപിച്ച ഫുട്പാത്ത് അനധികൃത കച്ചവടക്കാർ കൈയേറിയതോടെ പലയിടങ്ങളിലും കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. കച്ചവടം അവസാനിപ്പിക്കുന്നതിന് കെ .എസ്.ടി. പി യും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസുമായി ചേർന്ന് പരിശോധന നടത്തി ഫുട്പാത്ത് കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു.ആർ.ഡി.ഒ തുളസീധരൻ പിള്ള, തഹസിൽദാർ സാം ഡാനിയൽ, സർവേ തഹസിൽദാർ സന്തോഷ് കുമാർ, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ വി.എസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ട്രാഫിക് ഉപദേശക സമിതി കൂടണം
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി പത്താം തീയതിക്കുള്ളിൽ ട്രാഫിക് ഉപദേശക സമിതി കൂടി ഗതാഗത പരിഷ്കരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് പൈപ്പ് പൊട്ടുന്നത് അടക്കമുള്ള വിഷയങ്ങളിൽ നടപടി സ്വീകരിക്കും. അമിത വില ഈടാക്കുന്ന നടപടി ഒഴിവാക്കാൻ വിലവിവര പട്ടിക പ്രസിദ്ധീകരിക്കുന്നത് ഉറപ്പാക്കാൻ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കെ,.എസ്.ടി.പി റോഡരികിലുള്ള ലൈറ്റുകൾ അടിയന്തരമായി പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെ.എസ്. ഇ. ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുവാനും യോഗം തീരുമാനിച്ചു. മുട്ടാർ നീർച്ചാൽ, പള്ളിക്കലാറ് എന്നിവിടങ്ങളിൽ സർവേ നടത്തുന്നതിന് അഞ്ചിനകം ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് തഹസിൽദാർ യോഗത്തിൽ അറിയിച്ചു. അടൂർ കോടതി സമുച്ചയത്തിലെ കെട്ടിടനിർമ്മാണം പൂർത്തീകരിക്കുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണെടുത്ത് മാറ്റുന്നതിനായി തഹസിൽദാരെ ചുമതലപ്പെടുത്തി. അടൂർ റിംഗ് റോഡുമായി ബന്ധപ്പെട്ട സർവേ ചെയ്യുന്നതിന് അഞ്ചാം തീയതിക്കുള്ളിൽ സർവേ ടീമിനെ നിശ്ചയിക്കും.