പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരികെപ്പിടിക്കാമെന്ന സി.പി.എം മോഹം ഒരിക്കലും നടക്കില്ലെന്ന് ഡി.സി.സി പ്രസിസന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സി.പി.എമ്മിന്റെ വിജയം സംഘപരിവാറിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയിൽ ഉണ്ടായതാണെന്നും ഓരോ നിയോജക മണ്ഡലത്തിലെയും ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായ വോട്ടിന്റെ കുറവ് പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടില്ല. ഓരോ മണ്ഡലത്തിൽ ലഭിച്ച വോട്ടുനില പരിശോധിച്ചാൽ മനസിലാകും. യു.ഡി.എഫിന്റെ വോട്ടുകൾ അവിടെ ത്തന്നെ ഉണ്ട്.

അധികാരത്തിന്റെ എല്ലാ ശക്തിയും ഉണ്ടായിട്ടും വലിയ ഭൂരിപക്ഷത്തിൽ ആന്റോ അന്റണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വവും പാർലമെന്റിലും മണ്ഡലത്തിലുമുള്ള പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരവും കൊണ്ടാണ്. പരസ്പരം പോരടിക്കുന്ന വർഗീയ ശക്തികളെ ഇരു വശത്തുനിന്നും പേടിപ്പിച്ച് വോട്ടുകൾ തട്ടിയെടുക്കുന്ന സമ്പ്രദായമാണ് ഇടതുമുന്നണിയും മുഖ്യമന്ത്രിയും നടത്തുന്നത്.

ജില്ലയിൽ ഏറ്റവും അവസാനം നടന്ന തിരുവല്ലാ ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് തിരഞ്ഞടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കി ജില്ലക്ക് പുറത്തു നിന്ന് ഗുണ്ടകളെ എത്തിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കള്ള വോട്ട് ചെയ്തത് ഭരണം പിടിച്ചടക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.