ചെങ്ങന്നൂർ: ചക്കുളത്തുകടവ്, ശാർങ്ങക്കാവ് പാലങ്ങളുടെ നിർമ്മാണോദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച ചമ്മത്തുമുക്ക് - കക്കട റോഡിന്റെ ഉദ്ഘാടനവും നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. 15. 84 കോടി രൂപ വിനിയോഗിച്ച് വെണ്മണി, തഴക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കുളത്ത്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം വൈകുന്നേരം നാലിന് പടിഞ്ഞാറ്റേമുറി ജംഗ്ഷനിൽ നടത്തും. വെണ്മണി ,നൂറനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ,12.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ശാർങ്ങക്കാവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം വൈകുന്നേരം 4.30ന് ഇല്ലത്തുമേപ്പുറം ജംഗ്ഷനിലാണ്. എട്ടു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചമ്മത്തുമുക്ക്-കക്കട റോഡിന്റെ ഉദ്ഘാടനം വൈകുന്നേരം 5.30ന് ചമ്മത്തുംമുക്ക് ജംഗ്ഷനിൽ നടത്തും.