ചെങ്ങന്നൂർ: ചെങ്ങന്നൂർ ഏരിയാ സമ്മേളനത്തിന് ഒരാഴ്ച മാത്രം അവശേഷിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി. ഏരിയ കമ്മിറ്റിയിലെ പ്രമുഖനെതിരെ സമൂഹ മാദ്ധ്യമത്തിൽ ആരോപണങ്ങളുമായി ലോക്കൽകമ്മിറ്റിയംഗം രംഗത്തെത്തി. മുൻ എൽ.സി സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന ജെയിംസ് മാത്യുവാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമർശനമുന്നയിച്ചത്. ഇക്കുറി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് സാദ്ധ്യതയുണ്ടായിരുന്ന ജെയിംസ് മാത്യുവിനെ മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി കൂടിയായ ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ആരോപണങ്ങളുന്നയിച്ച് വേട്ടയാടിയെന്നും ഇത്തരം ശ്രമങ്ങൾക്ക് ഏരിയ നേതാവ് കൂട്ടുനിന്നെന്നും ആരോപിക്കുന്നു. കുറെ ക്കാലമായി ഇവിടെ ഒരുവിഭാഗത്തിന് എന്ത് തോന്ന്യാസവും കാണിക്കാം എന്നസ്ഥിതിയാണെന്നും ഇത് പാർട്ടിയുടെ നാശത്തിന് വഴിവെക്കുമെന്നും പോസ്റ്റിൽ പറയുന്നു.