ആറന്മുള: പള്ളിയോടങ്ങൾക്കായി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് നിലവിലുള്ള തടസങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പള്ളിയോടങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിന് ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം, സാംസ്‌കാരിക വകുപ്പുകൾ കേന്ദ്ര തലത്തിൽ ആവിഷ്‌കരിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസികളായ ദേവസ്വം ബോർഡ്, ടൂറിസം വകുപ്പ് എന്നിവയിലൂടെ നടപ്പാക്കുമ്പോൾ എൻജിഒ എന്ന നിലയിൽ പള്ളിയോട സേവാസംഘത്തിന് സഹായം ലഭിക്കുന്നതിന് തടസം നേരിടുകയാണ്.
പൊതു മേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫണ്ട് നിലവിൽ കൊവിഡ് നിയന്ത്രണത്തിനായി ഉപയോഗിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പള്ളിയോട സേവാസംഘത്തിന് ഏതൊക്കെ തരത്തിൽ ഫണ്ട് ലഭ്യമാക്കാൻ കഴിയും എന്ന് പരിശോധിച്ച് ഏജൻസിയുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കും. സ്ഥിരം പവലിയനുകൾ ,പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ട് ഉൾപ്പെടെ സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ എന്നിവ പഠിച്ച ശേഷം നടപ്പാക്കും.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാർത്ഥസാരഥി പിള്ള, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, രതീഷ് ആർ. മോഹൻ, വി. കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.