
പത്തനംതിട്ട:ലോകത്ത് വംശനാശം നേരിടുന്ന വൃക്ഷങ്ങളിലൊന്നായ കാട്ടുകമുകിന് (ബെന്റിൻകിയ കൊണ്ടപ്പന) സംരക്ഷണമൊരുക്കി വനംവകുപ്പ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിലെ മൂഴിയാർ, ആനത്തോട്, കൊച്ചുപമ്പ പ്രദേശങ്ങളിലാണ് കാട്ടുകമുകിന് (കാട്ടുപന) വനം വകുപ്പ് സംരക്ഷണ പ്ലോട്ടുകൾ നിർമ്മിച്ചത്.
പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന വൃക്ഷമാണിത്. നിത്യഹരിത വനങ്ങളിൽ കുത്തനെയുള്ള പാറക്കെട്ടുകളിൽ വളരുന്ന ഇവ തെക്കൻ പശ്ചിമഘട്ടത്തിലെ പ്രാദേശികവും ദുർബ്ബലവുമായ കുന്നിൻ ചെരുവിലാണുള്ളത്. പഠനത്തിനായി കോളേജ് വിദ്യാർത്ഥികളും ജൈവശാസ്ത്രജ്ഞരും എത്തിയതോടെയാണ് കാട്ടുകമുകിന്റെ പ്രാധാന്യം വനംവകുപ്പ് കൂടുതലായി മനസിലാക്കുന്നത്. താത്പര്യമുള്ളവർക്ക് വനംവകുപ്പിന്റെ അനുമതിയോടെ ഇവിടം സന്ദർശിച്ച് പഠനം നടത്താം. കുത്തനെയുള്ള പാറക്കെട്ടുകളിൽ വളരുന്നതിനാൽ ഇവയുടെ ചിത്രങ്ങൾ എടുക്കാൻ ബുദ്ധിമുട്ടാണ്. പശ്ചിമഘട്ട മലനിരകളിൽ പാലക്കാടിന് തെക്കായി ഇത് ധാരാളമായുണ്ട്. അഗസ്ത്യമല, മാങ്കുളം ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
"പന വർഗങ്ങളിൽ പരിണാമം കുറവാണ്. അതുകൊണ്ടു തന്നെ പനകൾ കുറഞ്ഞുവരികയാണ്. അവ സംരക്ഷിക്കപ്പെടണം. പാലക്കാടിന്റെ തെക്കുഭാഗത്താണ് കാട്ടുകമുകുള്ളത്. ലോകത്ത് ഇവിടെ മാത്രമേ ഈ പനയുള്ളൂ. "
ജോമി അഗസ്റ്റിൻ (അസി. പ്രൊഫസർ, ബോട്ടണി വിഭാഗം, സെന്റ് തോമസ് കോളേജ്, പാല, )
---------------
"ലോകത്തുതന്നെ അപൂർവ്വമായ കാട്ടുകമുക് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവയെ നശിപ്പിക്കാൻ അനുവദിക്കില്ല. കാടിന്റെ സ്വാഭാവികത കാത്തുസൂക്ഷിച്ചുള്ള സംരക്ഷണത്തിന് പച്ചക്കാനം വനം റേഞ്ച് ഉദ്യോഗസ്ഥർക്കാണ് ചുമതല. പനകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഇവർ ദിവസവും ഉറപ്പുവരുത്തും."
എസ്. മണി (റാന്നി ഗുഡ്രിക്കൽ റേഞ്ച് ഓഫീസർ)