 
അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 34 വർഷത്തിനു ശേഷം സ്കൂൾ അങ്കണത്തിൽത്തന്നെ ഒത്തുകൂടി അനുഭവങ്ങൾ പങ്കിട്ടു. 1988ന് പലരും നേരിൽ കണ്ടുമുട്ടിയപ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റം. എന്നാൽ സൗഹൃദത്തിന് മാത്രം യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. ഒന്നര വർഷം മുമ്പ് ക്ലാസ് മേറ്റ്സ് എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചായിരുന്നു ഒത്തുചേരലിന് വേദിയൊരുക്കിയത്. പൂർവ വിദ്യാർത്ഥികൾ മാത്രമല്ല, പൂർവ അദ്ധ്യാപകരും ചടങ്ങിനെത്തിയിരുന്നു. സ്കൂളിലെ പൂർവ അദ്ധ്യാപികയും സ്കൂളിന് വേണ്ടി ഒരു കോടി രൂപയുടെ സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത രമണിക്കുട്ടി ടീച്ചറാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പൂർവ അദ്ധ്യപകരായ ഭാർഗവൻ നായർ, ശശി, രാഘവൻ നായർ, രാജപ്പൻ, രേവമ്മ, രമണിക്കുട്ടി, പൊന്നമ്മ, രാജമ്മ എന്നിവരെ ഗുരു വന്ദനം എന്ന പരിപാടിയിലൂടെ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ആയിരം ലിറ്ററിന്റെ വാട്ടർ ടാങ്ക് സ്കൂളിന് പൂർവ വിദ്യാർത്ഥികൾ ചടങ്ങിൽ കൈമാറി. ഷെല്ലി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ അദ്ധ്യാപകരെക്കൂടാതെ, പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി, പി.ടി.എ പ്രസിഡന്റ് ജി.കൃഷ്ണകുമാർ, അമൃതൻ, ജിജുഡേവിഡ്, അജിത്ത്, ദീപ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നൽകി.