ചെങ്ങന്നൂർ: നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള വാഹനങ്ങളുടെ രാത്രികാല നിയന്ത്രണവും ചെങ്ങന്നൂരിൽ ജീവനക്കാർ ജോലിയിൽ കൃത്യസമയത്ത് പ്രവേശിക്കാതിരുന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെങ്ങന്നൂരിൽ പമ്പാ സർവീസ് മുടങ്ങാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. പ്രശ്‌നം പരിഹരിക്കാൻ പമ്പയിൽ നിന്നും കൂടുതൽ സർവീസുകൾ ചെങ്ങന്നൂരിലേക്ക് ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി പമ്പാ സ്‌പെഷ്യൽ ഓഫീസർ ഡി.ഷിബുകുമാർ കേരളകൗമുദിയോട് പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ ചെങ്ങന്നൂരിൽ പമ്പാ ബസുകൾ ലഭിക്കാതെ മൂന്നര മണിക്കൂറിലധികം തീർത്ഥാടകർ കുടുങ്ങിയത് കേരളകൗമുദി വാർത്തയാക്കിയിരുന്നു.ബസുകളില്ലാത്തതുമൂലം മടക്കയാത്രക്ക് ടിക്കറ്റെടുത്തെത്തിയവർ ദുരിതത്തിലാകുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെ.എസ്.ആർ.ടി.സിയുടെ ഉന്നതർ വിഷയത്തിൽ ഇടപെട്ടത്.

അവധിയിൽപോയ ജീവനക്കാർ ജോലിയും പ്രവേശിക്കും

മണ്ഡലകാലത്തിനുശേഷം അവധിയിൽപോയ ജീവനക്കാരിൽ ചിലർ ചെങ്ങന്നൂരിൽ തിരികെയെത്തി ജോലിയിൽ പ്രേവേശിക്കാൻ താമസിച്ചതാണ് ബസുകളുണ്ടായിട്ടും ചെങ്ങന്നൂരിലെ നാല് സർവീസ് മുടങ്ങാൻ കാരണം. ചെങ്ങന്നൂരിലേക്കു പമ്പ പൂളിൽ നിന്നുള്ള ബസുകൾ എത്തിയിരുന്നതായും പറയുന്നു. എന്നാൽ പമ്പയിൽ നിന്നും 40 തീർത്ഥാടകരെങ്കിലും കയറാതെ 51 സീറ്റുള്ള സ്‌പെഷ്യൽ സർവീസുകൾ വിടരുതെന്നു നിർദേശമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം വിശദീകരിച്ചിരിക്കുന്നത്. രണ്ടു യൂണിറ്റുകളിലെ പ്രശ്‌നങ്ങൾ മൂലമാണ് ബസുകളുടെ കുറവുണ്ടായതെന്നും ചൂണ്ടിക്കാട്ടുന്നു.

12വരെ ശേഷം ബസ് പമ്പയിലേക്ക് വിടാത്തതും സർവീസിനെ ബാധിച്ചു

ശനിയാഴ്ച 41 ബസുകൾ ചെങ്ങന്നൂരിൽ നിന്നും പമ്പയ്ക്ക് സർവീസ് നടത്തിയപ്പോൾ തിരികെ 60 ബസുകൾ അയച്ചിരുന്നതായും പമ്പ എസ്.ഒ പറഞ്ഞു. ചെങ്ങന്നൂരിൽ നിന്നും മറ്റ് ഡിപ്പോകളിൽ നിന്നുമെത്തുന്ന ബസുകൾ രാത്രി 7ന് ശേഷം 12വരെ പമ്പയിലേക്ക് കടത്തിവിടാത്തതും കെ.എസ്.ആർ.ടി.സിയുടെ പകൽ സർവീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ രാത്രി നിലക്കലിൽ തീർത്ഥാടകരുമായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന ജീവനക്കാർ വിശ്രമിച്ചതിനുശേഷമാണ് അടുത്ത സർവീസ് ആരംഭിക്കുന്നത്. ഇതും പമ്പാ സർവീസുകളുടെ സുഗമമായ നടത്തിപ്പിന് തടസമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബസിന്റെ കുറവ് മൂലം അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ട്രെയിനുകളിലെത്തിയ തീർത്ഥാടകർ ചെങ്ങന്നൂരിൽ കുടുങ്ങിയ സംഭവത്തിൽ അയ്യപ്പസേവാ സംഘവും, വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

തടസമില്ലാത്ത സർവീസ് പമ്പാ സർവീസ് നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡി.ഷിബുകുമാർ

കെ.എസ്.ആർ.ടി.സി

(​പമ്പാ സ്‌പെഷ്യൽ ഓഫീസർ)​