cgnr-arattu
ആറാട്ടു കഴിഞ്ഞെത്തിയ ദേവിയെ മഹാദേവൻ ക്ഷേത്ര മതിൽക്കത്തേയ്ക്കു സ്വീകരിച്ച് പ്രദക്ഷിണം വയ്ക്കുന്നു

ചെങ്ങന്നൂർ: ഭക്തരുടെ നാമജപ ഘോഷങ്ങൾക്കിടെ പുണ്യ പമ്പയിൽ ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. തിങ്കളാഴ്ച രാവിലെ 6.30ന് ആനപ്പുറത്ത് എഴുന്നെള്ളിയാണ് ദേവി ആറാട്ടിനെത്തിയത്. ആറാട്ട് ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മോഹനരര് മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയുടെ എഴുന്നെളിപ്പ് ഘോഷയാത്ര തിരികെ ഒൻപതു മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നു ശ്രീപരമേശ്വരൻ ആനപ്പുറത്തു എഴുന്നെള്ളി ദേവിയെ സ്വീകരിച്ചു. പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നള്ളിപ്പും കളഭാഭിഷേകവും നടത്തി. ആറാട്ട് കടവിലെയും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴിപാടുകളും അന്നദാനം, ലഘുഭക്ഷണവിതരണം, കുടിവെള്ള വിതരണം എന്നിവയും ഒഴിവാക്കിയിരുന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ദേവിദേവന്മാരെ ശ്രീലകത്തേക്ക് ആനയിച്ചു. മലയാള വർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താം.
ദേവസ്വം തിരുവാഭാരണ കമ്മീഷണർ അജിത്ത് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു അസിസ്റ്റന്റ് കമ്മീഷണർ സൈനുരാജ്, അഡ്മിനിസ്റ്റർ ഓഫീസർ വി.ജി.പ്രകാശ്, ഉപദേശകസമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി വിനോദ്, ജനറൽ കൺവീനർ ഷൈജു വെളിയത്ത്, ഫൈനാൻസ് കൺവീനർ അജി ആർ. നായർ എന്നിവർ നേതൃത്വം നൽകി.