വള്ളിക്കോട്: വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ നടുറോഡിൽ പാറപ്പൊടിയും മെറ്റലും തള്ളിയതു കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. പൊതുമരാമത്ത് റോഡ് പണിയുടെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് ഇവ റോഡിൽ തള്ളിയത്. തീയറ്റർ ജംഗ്ഷനിലെ റോഡ് ഉയർത്തി ഇന്റർ ലോക്ക് ചെയ്യുന്നതിനാണ് മെറ്റലും പാറപ്പൊടിയും ഇറക്കിയത്. വലിയ വാഹനങ്ങൾ കയറി പാറപ്പൊടിയുടെ കൂന റോഡിലാകെ നിരന്നു. ഇതിനു മുകളിൽ കയറാതെ വാഹനങ്ങൾക്ക് പോകാനാവില്ല. വേഗത കുറച്ചു വന്നാലും പാറപ്പൊടിയിൽ കയറുന്ന ബൈക്കുകൾ മറിയുകയാണ്. ഇതിനകം ഇവിടെ നാല് അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസകൾ പറയുന്നു. ടിപ്പർ ലോറികളും ബസുകളും പാറപ്പൊടി പറത്തിപ്പോകുമ്പോൾ ബൈക്ക് യാത്രക്കാരുടെ കണ്ണിലാണ് വീഴുന്നത്. ബൈക്കുകൾ നിയന്ത്രണം തെറ്റിയാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. വി കോട്ടയം റോഡിൽ നിന്ന് വളവ് തിരിഞ്ഞ് തീയേറ്റർ ജംഗ്ഷനിലേക്ക് കയറുന്ന ഭാഗത്താണ് പാറപ്പൊടിയും മെറ്റലും ഇട്ടിരിക്കുന്നത്.