bag

പത്തനംതിട്ട : മിഷൻഗ്രീൻ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തിൽ ബേസ് ക്യാമ്പായ നിലയ്ക്കലിൽ ആരംഭിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീർത്ഥാടകർക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. റാന്നിപെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഒഫ് നിലയ്ക്കൽ എസ്.പി കെ.എൽ.ജോൺകുട്ടി നിർവഹിച്ചു.
ശബരിമലയിൽ ഹരിതചട്ടം പാലിക്കുന്നതിനുള്ള മിഷൻഗ്രീൻ ശബരിമല പദ്ധതിയുടെ ഭാഗമായ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ അയ്യപ്പഭക്തന്മാർക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നൽകി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കാനുള്ള സന്ദേശങ്ങളടങ്ങിയ കാർഡുകൾ അഞ്ച് ഭാഷകളിൽ വിതരണം ചെയ്തു. കൗണ്ടറിലേക്ക് ആവശ്യമായ തുണിസഞ്ചികൾ, പോക്കറ്റ് കാർഡ് എന്നിവ നൽകുന്നതും കൗണ്ടർ പ്രവർത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.
ളാഹ മുതൽ പമ്പവരെയും കണമല മുതൽ പമ്പ വരെയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലയ്ക്കൽ, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നത്. വനംവകുപ്പിന്റെ ഇക്കോ ഗാർഡ്‌സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചിത്വമിഷനു വേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് കൊണ്ടുപോകുന്നത്.
ജില്ലാ ശുചിത്വമിഷൻ കോ -ഓർഡിനേറ്റർ നൈസി റഹ്മാൻ, നിലയ്ക്കൽ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സുമീതൻ പിള്ള, ഡിവൈ.എസ്.പി നാസറുദ്ദീൻ, ജില്ലാ ശുചിത്വമിഷൻ ഉദ്യോഗസ്ഥരായ രഹന ഹബീബ്, ജെറിൻ ജെയിംസ് വർഗീസ്, ജി. ജെയിംസ് എന്നിവർ പങ്കെടുത്തു.