പ്രമാടം : പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിത വ്യാപനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. പനി ബാധിതർ നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ആഴ്ചകൾക്ക് ശേഷവും ഭൂരിഭാഗം ആളുകളും രോഗ മുക്തരായിട്ടില്ല. പനിയ്ക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസ തടസവുമാണ് ദിവസങ്ങളായി ഇവരെ അലട്ടുന്നത്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്.
പകർച്ചപ്പനിയുമായി തുടർച്ചയായി ചികിത്സ തേടുന്നരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെങ്കിലും ആരിലും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഇത് ആശ്വാസത്തിന് ഇട നൽകുന്നുണ്ടെങ്കിലും ഇവരുടെ രക്ത സാമ്പിളുകൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പനി ബാധിച്ച് ഇത്രയും ആളുകൾ ചികിത്സ തേടുന്നത് ഈ രണ്ടാഴ്ചയ്ക്കുള്ളിലാണെന്നതും ശ്രദ്ധേയമാണ്.
ചുമയും ശ്വാസതടസവും
കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പനിയ്ക്കൊപ്പമുള്ള ചുമയും ശ്വാസ തടസവും ആശങ്ക ഉയർത്തുന്നുണ്ട്. ശ്വാസ തടസം കാരണം ഭൂരി ഭാഗം ആളുകൾക്കും ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതിന് പുറമെ ചുമയ്ക്കുമ്പോഴും മാസ്ക് മാറ്റേണ്ടി വരും. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പനി ബാധിതവർ വീടുകളിൽ മുറികളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമാറില്ല. നിരവധി കൊവിഡ് മരണങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്ത പ്രദേശമാണ് പ്രമാടം. ദൈനംദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വീണ്ടും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ആശങ്കവേണ്ടന്ന് ആരോഗ്യ വകുപ്പ്
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെ പകർച്ചപ്പനിക്ക് കാരണം. രാത്രിയിലെ തണപ്പും പകൽ സമയത്തെ കനത്ത ചൂടും മനുഷ്യരുടെ പ്രതിരോധ ശേഷിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകി. ഇതാണ് പനി പടർന്ന് പിടിക്കാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനിയക്ക് പുറമെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആരും സ്വയം ചികിത്സാ രീതി തിരഞ്ഞെടുക്കരുത്.