dd
l

പത്തനംതിട്ട: പത്തനംതിട്ട ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യോത്സവം ഏഴ്, എട്ട്, ഒൻപത് തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും.

കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സാഹിത്യോത്സവം. പ്രമുഖ എഴുത്തുകാർക്കൊപ്പം പത്തനംതിട്ടയിലെ എഴുത്തുകാരും സഹൃദയരും പങ്കെടുക്കും. പത്തനംതിട്ടയുടെ സാംസ്‌കാരിക രംഗം: പരിമിതിയും പ്രതീക്ഷയും എന്ന വിഷയത്തിലുള്ള സാംസ്‌കാരിക സെമിനാർ ഏഴിന് രാവിലെ 9.30ന് പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.രാജേഷ് എസ്. വള്ളിക്കോട് വിഷയാവതരണം നടത്തും.

ഉച്ചയ്ക്ക് 1.30ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.

ദേശത്തുടിയും നെല്ലിക്കൽ കുടുംബവും ചേർന്ന് ഏ‌ർപ്പെടുത്തിയ ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്‌കാരം കവി സെബാസ്റ്റ്യന് അദ്ദേഹം നൽകും. ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഭാഷണം പ്രദീപ് പനങ്ങാട് നിർവഹിക്കും. കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

3.30ന് നടക്കുന്ന കവിയരങ്ങ് മനോജ് കുറൂർ ഉദ്ഘാടനം ചെയ്യും. കണിമോൾ അദ്ധ്യക്ഷത വഹിക്കും.

എട്ടിന് രാവിലെ 9.30ന് വായനയുടെ പെൺപക്ഷം എന്ന വിഷയത്തെക്കുറിച്ചുള്ള വനിതാ സെമിനാർ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജാസൂസൻ ജോർജ് വിഷയം അവതരിപ്പിക്കും. ഡോ.അനു.പി.ടി മോഡറേറ്ററായിരിക്കും.

ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കഥാസെമിനാർ ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. രവിവർമ്മ തമ്പുരാൻ മോഡറേറ്ററായിരിക്കും. മനോജ് ജാതവേദര്, വിനു ഏബ്രഹാം, രാജീവ് ശിവശങ്കർ തുടങ്ങി മുപ്പതോളം കഥാകൃത്തുക്കൾ പങ്കെടുക്കും.

3.30ന് സമകാലീന നാടകവേദിയെക്കുറിച്ചുള്ള ഓപ്പൺഫോറം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ,ഡോ.ശ്രീജിത്ത് രമണൻ,പി.ജെ,ഉണ്ണികൃഷ്ണൻ എന്നിവർ നയിക്കും. പ്രിയത ഭരതൻ മോഡറേറ്ററായിരിക്കും.

9.30 ന് സിനിമ, സമൂഹം, സംസ്‌കാരം എന്ന വിഷയത്തിലുള്ള ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്‌ളെസി ഉദ്ഘാടനം ചെയ്യും. സംവിധാകൻ ഡോ.ബിജു സെമിനാർ നയിക്കും.

ഉച്ചയ്ക്ക് 1.30ന് കവിതയുടെ പുതുവഴി എന്ന വിഷയത്തിലുള്ള കവിതാ സെമിനാർ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. രാജൻ കൈലാസ് അദ്ധ്യക്ഷത വഹിക്കും. എസ്.കലേഷ് വിഷയം അവതരിപ്പിക്കും.

മൂന്നിന് എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ബെന്യാമിനും എസ്.ഹരീഷും തമ്മിലുള്ള സംഭാഷണം. ബിനു ജി.തമ്പി മോഡറേറ്ററായിരിക്കും.

നാലിന് നടക്കുന്ന കവിയരങ്ങ് പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും. വാഴമുട്ടം മോഹനൻ അദ്ധ്യക്ഷത വഹിക്കും.