vatrattar-1
വരട്ടാർ പുനരുജ്ജീവനം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വഞ്ഞിപ്പോട്ടിൽ കടവിൽ നിന്നും മണ്ണും മരങ്ങളും നീക്കാനാരംഭിച്ചപ്പോൾ

ചെങ്ങന്നൂർ: ആദിപമ്പ വരട്ടാർ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കുന്ന ജോലികൾ ആരംഭിച്ചു. ആദി പമ്പ തുടങ്ങുന്ന ഭാഗമായ വഞ്ഞിപ്പോട്ടിൽ കടവിലാണ് ജോലി ആരംഭിച്ചത്. പമ്പാ നദിയിൽ ആറാട്ടുപുഴ പാലത്തിന് താഴെ കോയിപ്രം ഇടനാട് പ്രദേശങ്ങളുടെ അതി‌ർത്തിയിലാണ് ആദി പമ്പ ആരംഭിക്കുന്നത്. ഈ ഭാഗത്ത് വരട്ടാറിന് 300 മീറ്ററോളം വീതിയുണ്ട്. എന്നാൽ 100 മീറ്റർ വീതിയിൽ മാത്രമേ ഇവിടെ നിന്നും മണ്ണ് നീക്കുകയുളളുവെന്നാണ് ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഖനനം സംബന്ധിച്ച് ഉദ്യോഗസ്ഥരും ഭരണകർത്താക്കളും വ്യക്തത വരുത്താത്തതും നടപടി ക്രമങ്ങളിലെ സുതാര്യത ഇല്ലായ്മയും നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ചു.
വഞ്ഞിപ്പോട്ടിൽ കടവിൽ നിലനിന്നിരുന്ന ചപ്പാത്ത് പൊളിച്ച് പകരം പാലം നിർമ്മിക്കുമെന്ന വാഗ്ദാനം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. പാലത്തിന്റെ ആദ്യം തയാറാക്കിയ രൂപ രേഖ അനുസരിച്ച് നിർമ്മാണം നടത്തിയാൽ ഇടനാട് പള്ളിയോടം ഇറക്കുന്നതിന് തടസം നേരിടും എന്നതായിരുന്നു കാരണം. ഇവിടെ നിർമ്മിക്കുന്ന പാലം അന്തരിച്ച എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ പേരിൽ മഴവിൽപ്പാലമായിരിക്കുമെന്നും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

നീക്കം ചെയ്യുന്ന മരങ്ങൾ ലേലം ചെയ്യുന്നതിലും വ്യക്തതയില്ല

നിലവിൽ മണ്ണെടുപ്പ് ആരംഭിച്ച ഭാഗത്ത് തെങ്ങ്, മാവ് , പൂവരശ് തുടങ്ങിയ മരങ്ങളും നിൽപ്പുണ്ട്. നീക്കം ചെയ്യുന്ന മരങ്ങൾ ലേലം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. വഞ്ഞിപ്പോട്ടിൽ കടവിൽ മണ്ണ് ശേഖരിക്കുന്നതിനുള്ള സ്ഥലം ക്രമപ്പെടുത്തി. ഇവിടെ കൂട്ടുന്ന മണ്ണ് അളന്ന ശേഷം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ പണം അടച്ചശേഷം എക്‌സിക്യൂട്ടിവ് എൻജിനീയറുടെ പേരിൽ നൽകുന്ന പാസ് അനുസരിച്ചാണ് മണ്ണ് നീക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ മണ്ണ് ഖനനം ചെയ്യുന്നതിന് ജല അതോറിട്ടി എത്ര രൂപ ചിലവഴിക്കും റോയൽറ്റി തുക കണക്കാക്കി മണ്ണ് നീക്കുന്നതിന് സുതാര്യത ഉറപ്പാക്കാൻ എന്ത് മേൽനോട്ടമാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.

പ്രാദേശിക സമിതികൾ രൂപീകരിച്ചിട്ടില്ല


ഖനനം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോഴും പ്രാദേശിക സമിതികൾ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. രാവിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ കരാറുകാരൻ മാത്രമാണ് ഖനനം തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ ചേലൂർക്കടവിൽ നിന്നും പുതുക്കുളങ്ങരയിൽ നിന്നും ആരംഭിക്കുമെന്ന് പറഞ്ഞ ഖനനം ഇടനാട്ടിലാണ് ആരംഭിച്ചത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആക്ഷേപമുയർന്നു.തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ പഞ്ചായത്ത് പ്രസിഡന്റിനോ നഗരസഭാ ചെയർപഴ്‌സനോ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല. അതിനാൽ ജനങ്ങളുടെ ആശങ്കകൾ ഇപ്പോഴും തുടരുകയാണ്.