അടൂർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനും വനിതാസംഘവും ചേർന്ന് നടപ്പാക്കുന്ന നേതൃത്വ പരിശീലന പഠനകളരിക്ക് 16ന് തുടക്കം കുറിക്കും. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് വിവിധ വിഷങ്ങളിൽ പരിശീലന കളരി നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനം 16ന് രാവിലെ 10ന് യൂണിയൻ ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ സ്വാഗതം പറയും. സംഘടനാ സന്ദേശം യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ നൽകും. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം എന്നിവർ മുഖ്യസന്ദേശം നൽകും. വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി, യൂത്ത്മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിനായകാഷ്ടകത്തെ സംബന്ധിച്ച പഠനക്ളാസ് വൈക്കം മുരളി നയിക്കും. വൈകിട്ട് 4ന് സമാപിക്കും. വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ജയകുമാരി നന്ദിപറയും.