muhammad-riyaz
ചമ്മത്തും മുക്ക് - കക്കട റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു റോഡുകളുടെ ഉദ്ഘാടനവും മൂന്നു പാലങ്ങളുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂമലച്ചാലും കുതിരവട്ടം ചിറയുമുൾപ്പടെ മന്ത്രി സജി ചെറിയാൻ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ അഞ്ചര വർഷക്കാലം വിപുലമായ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലമാണ് ചെങ്ങന്നൂർ. ഉന്നത നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന പാലം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽ ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി.

എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും വകുപ്പിന്റെ പ്രവൃത്തികളുടെ നിരീക്ഷണച്ചുമതലയിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രവർത്തനങ്ങൾക്ക് സുതാര്യത ഉറപ്പാക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങളെന്നും മന്ത്രി പറഞ്ഞു.
ചമ്മത്തുംമുക്ക്-കക്കട റോഡും ചെന്നിത്തല ആഴാത്ത് പടി മുണ്ടോലിക്കടവ് റോഡുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചെന്നിത്തല കീഴ്‌ച്ചേരിക്കടവ് പാലം, വെണ്മണി ചക്കുളത്തു കടവ് പാലം, വെണ്മണി ശാർങക്കാവ് പാലം എന്നീ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. 55.65 കോടി രൂപയാണ് അഞ്ചു പദ്ധതികൾക്കുമായി ചെലവഴിക്കുന്നത്.

മുണ്ടോലിക്കടവ്, പടിഞ്ഞാറ്റേമുറി, ഇല്ലത്തുമേപ്പുറം, ചമ്മത്തുംമുക്ക് എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പൂർണസഹകരണമാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് വഴിതുറന്നതെന്നും നിർമ്മാണം തുടങ്ങുന്ന പാലം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. ആതിര,മഞ്ജുളാദേവി, ഹേമലത , കെ.എസ്.സി.എം. എം.സി ചെയർമാൻ എം.എച്ച്. റഷീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രദീപ്, സുധാകരകുറുപ്പ്, കെ.ആർ. മുരളീധരൻ പിള്ള, ടി.സി. സുനിമോൾ, എൻ. പത്മാകരൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.