പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതിയെ അറസ്റ്റുചെയ്തു. കഴിഞ്ഞ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതിൽ വീട്ടിൽ അമീർ ഖാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഭാര്യ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ കൂടെയെത്തിയ അമീർ പൊലീസിനെ അസഭ്യം പറയാൻ തുടങ്ങി. ഇത് തടഞ്ഞ സ്റ്റേഷൻ ജി.ഡി ചാർജ് റെജി ജോണിനെ യൂണിഫോമിൽ കുത്തിപ്പിടിച്ചുകൊണ്ട് കഴുത്തിൽ അമർത്തിപ്പിടിക്കുകയും വലിച്ചു താഴെയിട്ട് മർദ്ദിക്കുകയുമായിരുന്നു. റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീർ പോക്‌സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.