 
പത്തനംതിട്ട : തൈക്കാവ് റോഡ് തകർന്നിട്ട് വർഷങ്ങളായി. 2018ലാണ് അവസാനമായി ഈ റോഡ് ടാർ ചെയ്തത്. ശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും ഇല്ലാതെ റോഡ് മുഴുവനായും തകർന്ന് ആഴമുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട നഗരസഭ 10, 11 വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന പാത കൂടിയാണിത്. ഗാന്ധി സ്ക്വയറിന് സമീപമുള്ള കുരിശ് കവല മുതലാണ് ഈ റോഡ് ആരംഭിക്കുന്നത്. തൈക്കാവ് സ്കൂളിലേക്കാണ് നേരെയുള്ള റോഡ് പോകുന്നത്. ഈ റോഡിന് സമീപമാണ് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡുള്ളത്. ഇവിടെ കയറിയാണ് പ്രൈവറ്റ് ബസുകൾ പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത്. ഇതിനിടയിൽ ഇരുചക്ര വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടവും ഉണ്ടാകാറുണ്ട്. പൊതുവെ വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്കും പതിവാണ്. ഒറ്റവരിപ്പാതയായ റോഡിൽ അത് കണക്കിലെടുക്കാതെ ഇരുവശത്തുകൂടിയും തോന്നിയപോലെയാണ് ഗതാഗതം നടക്കുന്നത്. ഇതുമൂലം ഗതാഗത തടസം വളരെ വലുതാണ്.രാത്രി കാലങ്ങളിൽ റോഡിലെ വൈദ്യുത ലൈറ്റുകൾ പ്രകാശിക്കാറില്ല. ഇറക്കമായതിനാൽ പലപ്പോഴും ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ പാർക്കിംഗും വഴിയോര വിപണികളും ഈ റോഡിന്റെ സ്ഥലത്തെ പകുതിയോളം അപഹരിക്കുകയാണ്. റോഡിൽ നിന്ന് ഇറങ്ങിയാണ് വഴിയാത്രക്കാർ നടന്നുപോകുന്നത്.
" നിരവധി തവണ റോഡ് ശരിയാക്കാനുള്ള അപേക്ഷ കൗൺസിലിൽ വച്ചിരുന്നു. 10, 11 വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. നടപടികൾ നടക്കുകയാണ്. "
റോസ്ലിൻ സന്തോഷ്
11-ാം വാർഡ് കൗൺസിലർ
" ഇ- ടെൻഡറിനായി രണ്ട് തവണ നൽകിയെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീട് ഓഫറിന് വച്ചിരിക്കുകയാണ്. നടപടി വേഗത്തിലാക്കാൻ ശ്രമം നടക്കുകയാണ്."
(നഗരസഭാ അധികൃതർ)
റോഡിൽ അനധികൃത പാർക്കിംഗ്
ഗതാഗതക്കുരുക്ക് രൂക്ഷം
തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല