 
കോന്നി : ഇക്കോ ടൂറിസം സെന്ററിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടക്കാരനായി മാറുകയാണ് കുട്ടിക്കൊമ്പൻ കണ്ണൻ. ഒന്നരവയസുള്ള കണ്ണന് വനംവകുപ്പ് ഔദ്യോഗികമായി പേരിട്ടില്ല. ഇതുവരെ കുട്ടിക്കൊമ്പന് പല്ല് കിളിർത്തില്ലെങ്കിലും ചെറിയ ഉരുളകളാക്കി ചോറ് നൽകുന്നുണ്ട്. മഞ്ഞൾപൊടി, കരിപട്ടി എന്നിവ ചേർത്തുവേവിച്ച ചോറ് തണുത്തതിനു ശേഷം നാലു നേരമായാണ് നൽകുന്നത്. കൂടാതെ ലാക്ടോജനും സെറിലാക്കും നൽകുന്നുണ്ട്. ആനത്താവളത്തിലെ പാപ്പാന്മാരായ ഷംസുദീൻ, വിഷ്ണു എന്നിവർക്കാണ് കണ്ണന്റെ സംരക്ഷണ ചുമതല. 2021 ഓഗസ്റ്റ് 19 ന് റാന്നി വനംഡിവിഷനിലെ ഗ്രൂഡിക്കൽ റേഞ്ചിലെ കിള്ളിയെറിഞ്ഞാൻ കല്ല് ചെക്കുപോസ്റ്റിന് സമീപത്തെ ജനവാസമേഖലയിൽ നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. കാട്ടാനക്കൂട്ടത്തോടൊപ്പം കാടുകയറ്റാനായി വനംവകുപ്പ് വേലുതോട് വനമേഖലയിൽ താത്കാലിക കൂടുണ്ടാക്കി പാർപ്പിച്ചിരുന്നു. രാത്രിയിൽ കാട്ടനക്കൂട്ടം കൂടിനു സമീപത്തെത്തിയെങ്കിലും കുട്ടിയാനയെ കൂട്ടാതെ മടങ്ങി. തുടർന്ന് കൊച്ചുകോയിക്കൽ ഫോറസ്ററ് സ്റ്റേഷന് സമീപം താത്കാലിക കൂടുണ്ടാക്കി വനപാലകരുടെ കാവലിൽ അവിടെ പാർപ്പിച്ച ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം റാന്നി ഡി.എഫ്.ഒ കോന്നി ആനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്കൊമ്പൻ കോന്നിയിലെത്തിയതോടെ ഇവിടുത്തെ ആനകളുടെ എണ്ണം ആറായി. ഇവ, മീന, പ്രിയദർശിനി, നീലകണ്ഠൻ, കൃഷ്ണ എന്നി ആനകളാണ് കണ്ണനെ കൂടാതെ ഇവിടെയുള്ളത്. ന്യൂ ഇയർ, ക്രിസ്മസ് ആഘോഷസമയങ്ങളിൽ ഇക്കോടൂറിസം സെന്ററിലെത്തിയ സഞ്ചാരികളുടെ താരമായി മാറുകയായിരുന്നു കണ്ണൻ.