പത്തനംതിട്ട: കോൺഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളെ ഒതുക്കലും ജില്ലയിൽ യു.ഡി.എഫിന്റെ അടിത്തറ തകർത്തുകൊണ്ടിരിക്കയാണെന്ന് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ചില കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം. കോൺഗ്രസ് നേതൃത്വത്തോട് പല തവണ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. നേതൃത്വത്തിന്റ വീഴ്ച കൊണ്ടാണ് കോയിപ്രം ഉൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണ ബാങ്കകളുടെയും ഭരണം നഷ്ടപ്പെട്ടത്. യു. ഡി. എഫ് ശക്തികേന്ദ്രമായ ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നഷ്ടമായി. പാർലമെന്റ് മണ്ഡലം എൽ.ഡി.എഫിന് ബാലികേറാമലയല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത് വെറുതെയല്ല. എൽ.ഡി.എഫിലെ ഘടക കക്ഷികളെ സി.പി.എം ചേർത്ത് പിടിക്കുന്നുണ്ട്. യു.ഡി.എഫിലെ ഘടക കക്ഷികളെ കോൺഗ്രസ് തകർക്കുകയാണ്. ഗ്രൂപ്പുകളുടെ കൂടാരമായ കോൺഗ്രസ് ഘടകകക്ഷികൾ പറയുന്നത് കേൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.