പത്തനംതിട്ട: ജില്ലയിൽ യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തും നഷ്ട‌മായി. കോയിപ്രത്ത് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യു.ഡി.എഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി.

13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ അവിശ്വാസത്തിന് അനുകൂലമായി ഏഴ് വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിലെ ആറുപേരും കോൺഗ്രസിലെ ഉണ്ണി പ്ലാച്ചേരിയുമാണ് അവിശ്വാസത്തെ അനുകൂലിച്ചത്. യു.ഡി.എഫിലെ മറ്റ് ആറംഗങ്ങൾ വിട്ടുനിന്നു. അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് പ്ലാങ്കമണ്ണിൽ നിന്നുള്ള കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി യോഗത്തിൽ പങ്കെടുത്തത്.
രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനെതിരെയുമുള്ള അവിശ്വാസം പരിഗണിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായതോടെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനാണ് ചുമതല.
കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്താണ് എൽ.ഡി.എഫ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഒരു അംഗത്തിന്റെ പിന്തുണയിൽ ഭരണത്തിലെത്തിയ യു.ഡി.എഫിനുള്ളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റു സ്ഥാനങ്ങൾക്ക് അവകാശവാദങ്ങൾ ഉണ്ടായിരുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ മുൻ അംഗം കൂടിയായിരുന്ന ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റു സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. കേരള കോൺഗ്രസും സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവകാശവാദങ്ങൾ അംഗീകരിക്കാതെ ജിജി ജോൺ മാത്യുവിനെയും ലാലു തോമസിനെയും പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കിയതിനെതിരെ മുറുമുറുപ്പുകളുണ്ടായിരുന്നു. ഒരുവർഷം പിന്നിട്ടതോടെ അസ്വസ്ഥതകൾ രൂക്ഷമാകുന്നുവെന്ന് കണ്ടാണ് അവിശ്വാസം കൊണ്ടുവന്നത്.

യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന കോന്നി ബ്ളോക്ക് പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു.

നിലവിൽ ഇലന്തൂർ, കോന്നി, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്,റാന്നി ബ്ളോക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിലാണ്.