തിരുവല്ല: കട്ടിലിൽ നിന്ന് വീണ് കിടപ്പുമുറിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി. തോട്ടപ്പുഴശേരി ഐ.എൻ.എസ് ജംഗ്‌ഷൻ മറുകര വീട്ടിൽ സൂസമ്മ തോമസ്‌ (75) നെയാണ് തിരുവല്ല അഗ്നിരക്ഷാ സേന രക്ഷപെടുത്തിയത്. ഇന്നലെ പുലർച്ചെ 5.40 നാണ് സഹായം ആവശ്യപ്പെട്ട് വിളിയെത്തിയത്. മുറി കുറ്റിയിട്ടിരുന്നതിനാൽ താഴെവീണ വൃദ്ധയ്ക്ക് പുറത്തിറങ്ങാനാകാത്തതിനാൽ നിലവിളിക്കുകയായിരുന്നു. മകൻ ബിനു കൊവിഡ് ബാധിച്ച് മുകളിലത്തെ നിലയിൽ ക്വറന്റൈനിൽ ആയിരുന്നു. തുടർന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. സ്റ്റേഷൻ ഓഫീസർ സുന്ദരരേശ്വരൻ നായരുടെ നേതൃത്വത്തിൽ ജീവനക്കാരായ അനീഷ്‌കുമാർ, ദീപാംഗുരൻ, അനിൽകുമാർ, ഷിബു എന്നിവരുടെ സംഘം കതകിന് തകരാർ ഉണ്ടാക്കാതെ വൃദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു.