kvms
കേരള വിശ്വകർമ മഹിളാസംഘം സംസ്ഥാന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിശ്വകർമ്മജരുടെ ആവലാതി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മെഡിക്കൽ, പി.ജി കോഴ്‌സുകളിൽ ഉൾപ്പെടെ വിശ്വകർമ്മജരുടെ പ്രത്യേക സംവരണം നഷ്ടമായെന്ന പരാതി ഉടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള വിശ്വകർമ്മ മഹിളാ സംഘത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് എം.സരസ്വതി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഹിളാസംഘം മുൻ ഭാരവാഹികളായ സരോജിനി പത്മനാഭൻ, ശാരദാ വിജയൻ, രാധാമണി ടീച്ചർ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് ആമുഖപ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറി പി.വാമദേവൻ, മഹിളാസംഘം ജനറൽ സെക്രട്ടറി ഷീലാ ഗോപി, ഖജാൻജി ഗീതാ വിജയൻ എന്നിവർ പ്രസംഗിച്ചു. മഹിളാസംഘം ഭാരവാഹികളായി ബിന്ദു വിക്രമൻ തൊടുപുഴ (പ്രസിഡന്റ്), മായാ വിനോബൻ കൊല്ലം (ജനറൽ സെക്രട്ടറി), സുധർമ്മണി കാട്ടാക്കട (ഖജാൻജി) എന്നിവരടങ്ങുന്ന 31 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.