
പത്തനംതിട്ട : കളക്ടറേറ്റിനുള്ളിലെ യുദ്ധസ്മാരകം സംരക്ഷണമില്ലാതെ നശിക്കുന്നു. സ്മാരകത്തിന്റെ പടിക്കെട്ടുകൾ തകർന്നുകിടക്കുകയാണ്. യുദ്ധസ്മരണയ്ക്കായി സ്മാരകത്തിൽ എഴുതിയിരുന്ന വാക്കുകൾ മാഞ്ഞുതുടങ്ങി. ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. കളക്ടറേറ്റ് വളപ്പിൽ പണിനടക്കുന്ന പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ പരിസരത്താണ് സ്മാരകം.
ജില്ലാ സൈനിക ക്ഷേമ ബോർഡിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പ്ലാനിംഗ് ഓഫീസ് കെട്ടിടം. ബോർഡിന്റെ മുമ്പിലാണ് സ്മാരകം . കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ സ്മാരകം നിലനിറുത്തുകയായിരുന്നു. നിലവിൽ സൈനിക ക്ഷേമ ബോർഡ് ഓഫീസ് കളക്ടറേറ്റിന് പുറത്തുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയപ്പോൾ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിൽ ബോർഡിനും ഒരു മുറിനൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്ലാനിംഗ് ഓഫീസിന് മാത്രമെ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയു എന്ന നിലപാടിലാണ് അധികൃതർ. സൈനിക ക്ഷേമ ബോർഡ് അംഗങ്ങളും എക്സ് സർവീസ് ലീഗും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇപ്പോൾ കളക്ടറേറ്റിൽ പ്രവർത്തിച്ചുവരുന്ന പ്ലാനിംഗ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ആ ഓഫീസ് ബോർഡിനായി വിട്ടുനൽകാമെന്നാണ് നിലവിലെ തീരുമാനം . എന്നാൽ പ്രായമേറെയുള്ളവർക്ക് ഈ കെട്ടിടത്തിൽ ദിവസവും എത്തുന്നത് ബുദ്ധിമുട്ടാണെന്ന് ക്ഷേമ ബോർഡ് അംഗങ്ങൾ കളക്ടറെ അറിയിച്ചിട്ടുണ്ട്.
ഇരുപത് വർഷത്തോളം പഴക്കമുണ്ട് സ്മാരകത്തിന്. ടൂറിസം പ്രൊമോഷൻ കൗൺസിലും സൈനിക ക്ഷേമ ബോർഡ് ഓഫീസും ഒരേ കെട്ടിടത്തിലായിരുന്നു . ഇവ സംയുക്തമായി സ്ഥാപിച്ചതാണ് ഈ സ്മാരകം. വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരകം സംരക്ഷിക്കപ്പെടണം.
ടി. പദ്മകുമാർ
എക്സ് സർവീസ് ലീഗ് സെക്രട്ടറി