ഇലവുംതിട്ട: മോട്ടോർ തകരാറും പൈപ്പുകൾ പൊട്ടിക്കിടക്കുന്നതും കാരണം ഇലവുംതിട്ട മേഖലയിൽ കുടിവെളള ക്ഷാമം രൂക്ഷമായി. ചെന്നീക്കര, മെഴുവേലി ശുദ്ധജല വിതരണ പദ്ധതി പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെട്ടിരിക്കുന്നത്. പൈപ്പുവെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ചന്ദനക്കുന്ന് കോളനി, വാത്തിപ്പറമ്പ്, പൂപ്പൻകാല, മണ്ണിൽ മുകടി, മഞ്ഞത്തറ, തൃക്കുന്ന മുരുപ്പ്, നല്ലാനിക്കുന്ന് എന്നിവിടങ്ങളിൽ കുടിവെള്ളമില്ലാതെ ആളുകൾ നെട്ടോട്ടത്തിലാണ്. ഗാർഹിക കണക്ഷൻ മാത്രമുള്ളവരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. മോട്ടോർ തകരാർ ആണെന്നും മിക്കയിടങ്ങളിലും പൊട്ടിക്കിടക്കുന്ന പൈപ്പുലൈൻ നന്നാക്കാൻ ആളില്ലെന്നുമാണ് പരാതിക്കാർക്ക് അധികൃതർ നൽകുന്ന മറുപടി. ഉടൻ ശുദ്ധജലമെത്തിക്കാനുള്ള നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.