 
റാന്നി : ശബരിമല തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമിക്കാനും ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് സൗകര്യങ്ങളെക്കാളേറെ അസൗകര്യങ്ങൾ. മുക്കട-അത്തിക്കയം പെരുനാട് റോഡിൽ അത്തിക്കയം പാലത്തിനു സമീപത്തായി അറയ്ക്ക്മൺ ജംഗ്ഷനിൽ കാലങ്ങളായി തീർത്ഥാടകർ തമ്പടിക്കുന്ന സ്ഥലത്താണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പാലത്തിനോട് ചേർന്ന് പമ്പാ നദിയിൽ കുളിക്കാനും പ്രാഥമിക കാര്യങ്ങൾക്കും പഞ്ചായത്തു സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യുന്ന തീർത്ഥാടക സംഘങ്ങൾക്കായി ടാങ്കിൽ കുടിവെള്ളവും ഇവിടെ കരുതിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്ന സ്ഥലം കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ പല തീർത്ഥാടന വാഹനങ്ങളും ഇവിടെ നിറുത്താതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ലൈഫ് ഗാർഡുകളെ നിയമിച്ചിരിക്കുന്നതും ഇതേ സ്ഥലത്താണ്. വാഹന പാർക്കിംഗിലെ ബുദ്ധിമുട്ട് കാരണം പല വാഹനങ്ങളും മറ്റുസ്ഥലങ്ങളിൽ റോഡരികിൽ സ്വയം പാർക്കിംഗ് കണ്ടെത്തുകയാണ്. ഇങ്ങനെ പാർക്കിംഗ് ചെയ്യുന്ന സ്ഥലങ്ങളിൽ പുഴയിൽ ഇറങ്ങുന്ന അയ്യപ്പന്മാർക്ക് വേണ്ട മാർഗ നിർദേശം നൽകാൻ ആളുകൾ ഇല്ലാത്തതു പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുണ്ട്. ഇരുവശങ്ങളും മഴയായാൽ ചെളിക്കുണ്ടാണ്. വേനൽ കടുത്തപ്പോൾ പൊടിപടലങ്ങളും. ഇതുമൂലം ഭക്ഷണം ഉൾപ്പെടെ പാകം ചെയ്യുന്നവ ഇരുന്നു കഴിക്കാൻ തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടുണ്ട്. റോഡിന്റെ ഇരുവശത്തും പൂട്ടുകട്ടകൾ വിരിച്ചു വിശ്രമ കേന്ദ്രത്തിനെ തീർത്ഥാടക സൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുമ്പും ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല.
സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ്
കൂടാതെ സന്ധ്യ മയങ്ങിയാൽ സ്വകാര്യ ബസുകളും ലോറികളും ഇവിടെ പാർക്കിംഗ് കേന്ദ്രമാക്കുന്നതു തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ ലൈഫ് ഗാർഡുകൾക്ക് പുറമെ പൊലീസിന്റെയും സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാൽ ഇവിടങ്ങളിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചിരുന്നു.
വരുന്ന തീർത്ഥാടന കാലത്തിലെങ്കിലും അയ്യപ്പ ഭക്തർക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷനിലെ പാർക്കിംഗ് ഏറിയ വൃത്തിയാക്കിയിടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം.
(അയ്യപ്പ സേവാ സംഘടനകൾ)