പത്തനംതിട്ട: ബൈക്ക് യാത്രികന് തെരുവ് നായയുടെ കടിയേറ്റു. വള്ളിക്കോട് മായാലിൽ പുതുവാതെക്കേതിൽ ഹരിയെയാണ് കടിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവിടെക്കിടന്ന നായ ഒാടി വന്നു കടിക്കുകയായിരുന്നു. കാലിന് മുറിവേറ്റ ഹരി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പേ വിഷ വാക്സിൻ സ്വീകരിച്ച് മടങ്ങി.

നഗരത്തിൽ തെരുവ്​ നായ​ ശല്യം രൂക്ഷമാണ്. സമീപ നാളുകളിൽ നഗരത്തിൽ നിരവധി പേരെയാണ്​ നായ്ക്കൾ കടിച്ചത്​. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ കൂട്ടമാണ്. റോഡിൽ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ കിട്ടുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇരുട്ടിന്റെ മറവിൽ മാലിന്യംതള്ളുന്ന സ്ഥലങ്ങളായ റിംഗ് റോഡിലും ഇടവഴികളിലുമാണ് തെരുവുനായ്ക്കൾ അധികവും. ബസ് സ്റ്റാൻഡ് പരിസരം, പൊലീസ് സ്റ്റേഷൻ റോഡ്​, മാർക്കറ്റ്​ പരിസരം എന്നിവിടങ്ങളിൽ നായ്​ ശല്യം വർദ്ധിച്ചിട്ടുണ്ട്​. പ്ലാസ്റ്റിക്ക് കവറിലും ചാക്കിലുംകെട്ടി നഗരത്തിലെ റോഡരികുകളിൽ തള്ളുന്ന മാലിന്യങ്ങൾ കാരണമാണ് തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നത്​. ടൗണിലെയും ചന്തയിലെയും കടത്തിണ്ണകളിലാണ് നായ്ക്കളുടെ രാത്രി വിശ്രമം. രാവിലെ എത്തുന്ന വ്യാപാരികൾ കടകളുടെ മുൻവശം കഴുകി വൃത്തിയാക്കി വേണം തുറക്കേണ്ടത്​. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്.