ചെങ്ങന്നൂർ: ഒൻപതു മാസമായി തുടരുന്ന തർക്കങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ നഗരസഭയിൽ നിന്നും സെക്രട്ടറി എസ്. നാരായണൻ മാവേലിക്കരയിലേക്കു സ്ഥലം മാറി. സെക്രട്ടറി മാറിയശേഷവും നഗരസഭയിലെ വിവാദങ്ങൾ ഒഴിയുന്നില്ല. പരാതികളിന്മേൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളും, തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിലാണ് സെക്രട്ടറിയും, ഭരണസമിതിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. സ്ഥലംമാറ്റിയെങ്കിലും സെക്രട്ടറിയെ ഭരണസൗകര്യാർത്ഥം ചെങ്ങന്നൂരിൽ നിലനിറുത്തി സർക്കാർ ഡിസംബർ ആറിനു വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ ഡിസംബർ അവസാനം ചെങ്ങന്നൂർ നഗരസഭാ കൗൺസിലിന്റെ മിനിറ്റ്‌സ് വ്യാജമായി നിർമ്മിച്ചെന്ന സെക്രട്ടറിയുടെ പരാതിയിൽ നഗരസഭാദ്ധ്യക്ഷയ്ക്കു ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാകാൻ നോട്ടീസ്. നോട്ടീസ് കിട്ടിയിട്ടില്ലെന്ന അദ്ധ്യക്ഷയുടെ വിശദീകരണം. സംഭവബഹുലമായ നഗരസഭയിലെ സെക്രട്ടറിയുടെയും ഭരണ പ്രതിപക്ഷ അംഗങ്ങളുടെയും തർക്കങ്ങൾക്കും സമരങ്ങൾക്കും കേസുകൾക്കുമൊടുവിൽ ജനുവരി മൂന്നിനാണ് സെക്രട്ടറിയെ മാവേലിക്കരയ്ക്കു വീണ്ടും മാറ്റിയത്. ഈ മാറ്റത്തോടെ നഗരസഭയുടെ പ്രവർത്തനം സാധാരണ നിലയിലാകുമോ എന്ന് ആകാംക്ഷയിലാണ് നഗരസഭയിലെ സാധാരണ ജനങ്ങൾ.