
ശബരിമല : രണ്ടുവർഷമായി അടഞ്ഞുകിടന്ന എരുമേലി - അഴുത - കരിമല കാനനപാത തുറന്നതോടെ ഇതുവഴി ഏഴ് ദിവസം കൊണ്ടെത്തിയത് പതിനാരായിരത്തിലേറെ തീർത്ഥാടകർ. ഡിസംബർ 31 നാണ് എരുമേലിയിലെ കോയിക്കൽകാവ് , അഴുത എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകൾ തീർത്ഥാടകർക്കായി തുറന്നത്. ഇന്നലെവരെ 10,971 തീർത്ഥാടകർ ഇതുവഴിയെത്തി. ഇന്നലെ മാത്രം 2034 പേരാണ് കടന്നുപോയത്. രണ്ട് ചെക്ക് പോസ്റ്റുകളിലും ആർ. ടി. പി. ആർ സർട്ടിഫിക്കറ്റുകൾ മാത്രമാണ് നിർബന്ധമാക്കിയിരിക്കുന്നത്. രാവിലെ 11.30 വരെയാണ് പേരൂത്തോട് കോയിക്കൽകാവ് ചെക്ക് പോസ്റ്റിൽ നിന്നുള്ള പ്രവേശനം. ഇവിടെ നിന്ന് 8 കിലോമീറ്റർ അകലെയുള്ള അഴുതക്കടവ് വരെ മറ്റൊരു റൂട്ടിലൂടെ ബസ് സൗകര്യമുള്ളതിനാൽ ഒരു മണിവരെയും കടത്തിവിടും. പിന്നീടുവരുന്ന തീർത്ഥാടകർക്ക് തങ്ങുന്നതിന് വനംവകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ഭീഷണിയുള്ളതിനാൽ വൈകിട്ട് 5 മണിക്ക് ശേഷം കല്ലിടാംകുന്ന്,മുക്കുഴി, പുതുശേരി, കരിമല എന്നിവടങ്ങളിൽ നിന്ന് യാത്ര തുടരാൻ അനുവദിക്കില്ല. ഇൗ കേന്ദ്രങ്ങളിലെല്ലാം വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും സൗജന്യ സൗകര്യം ഒരുക്കിയിട്ടുള്ളതിനൊപ്പം വനംവകുപ്പിന്റെ ഇ. ഡി. സി കടകളിലൂടെ കുറഞ്ഞനിരക്കിൽ ഭക്ഷണവും ലഭിക്കും.
കൊവിഡ് സാഹചര്യത്തിൽ കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടാതിരുന്നപ്പോൾ നിരവധി അന്യസംസ്ഥാന തീർത്ഥാടകരാണ് ശബരിമലയാത്ര ഉപേക്ഷിച്ചത്. ഇപ്പോൾ ഇതിന് പരിഹാരമായി. അതേസമയം പുൽമേട് വഴിയുള്ള കാനനപാത തുറക്കാൻ ദേവസ്വം ബോർഡ് താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.