 
തിരുവല്ല: മുഴുവൻ ദൂരവും കോൺക്രീറ്റിൽ പണിയുന്ന പനച്ചമൂട്ടിൽക്കടവ് ചക്രക്ഷാളനക്കടവ് തൃക്കയിൽ റോഡിൽ നവീകരണ ജോലികൾ തുടങ്ങി. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് റീ ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 2.28 കോടി രൂപയ്ക്കാണ് കരാർ. 2018ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ ഗണത്തിൽപ്പെടുത്തി ആദ്യം 5.42 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) തയാറാക്കുന്നതിന് മുമ്പാണ് തുകവെച്ചത്. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിതോടെ ഡി.പി.ആർ. തയാറാക്കി. തുടർന്ന് ചെലവ് 2.09 കോടി രൂപയായി കുറഞ്ഞു. ഈ തുകയ്ക്ക് കരാർ ഉറപ്പിക്കാൻ കഴിയാതിരുന്നതോടെ റിവൈസ് ടെൻഡറിൽ ഒൻപത് % ഉയർത്തി 2.28 കോടി രൂപയ്ക്ക് ഭരണാനുമതി നൽകുകയായിരുന്നു. മുഴുവൻ ദൂരവും കോൺക്രീറ്റിൽ പണിയുന്ന മേഖലയിലെ ആദ്യത്തെ റോഡാകുമിത്. 3.75 മീറ്റർ വീതിയിലാണ് ഉപരിതലം ടാർ ചെയ്യുന്നത്. റോഡിന് ശരാശരി ആറ് മീറ്റർ ആകെ വീതിയുണ്ട്. 15 സെ.മീ. കനത്തിലാകും വാർക്കുക. കാളക്കണ്ടം തോടിന് കുറുകെ ആറുമീറ്റർ വീതിയിൽ കലുങ്ക് ഉണ്ടാകും. ശരാശരി ഒന്നര അടിയോളം റോഡ് ഉയരും. ചക്രക്ഷാളനക്കടവിൽ നിന്ന് 750 മീറ്റർ ചെല്ലുമ്പോൾ പനച്ചമൂട്ടിൽക്കടവ് പാലമാകും. അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നല്ലൂർസ്ഥാനം ക്ഷേത്രം കവലയിൽ റോഡ് എത്തും. വലതുതിരിഞ്ഞ് തൃക്കയിൽ ക്ഷേത്രം വരേയും നേരേ കോളഭാഗത്തേക്കുമുളള രണ്ട് റോഡുകൾകൂടി ചേർത്താണ് 2.6 കി.മീ. റോഡുപണി.
എളുപ്പമാർഗം
കുറ്റൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. കുറ്റൂർ, തെങ്ങേലി മേഖലയിൽ ഉളളവർക്ക് മാന്നാർ, എടത്വ, തിരുവല്ല പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗം,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താൻ കഴിയുന്ന പ്രധാന പാതയായി പനച്ചമൂട്ടിൽക്കടവ് റോഡ് മാറും.
നിർമ്മാണോദ്ഘാടനം
പനച്ചമൂട്ടിൽക്കടവ് ചക്രക്ഷാളനക്കടവ് തൃക്കയിൽ റോഡിന്റെ നിർമ്മാണോദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചു അദ്ധ്യക്ഷത വഹിച്ചു. റീ ബിൽഡ് കേരള എക്‌സിക്യൂട്ടീവ് എൻജിനീയർ റിഫിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല, വാർഡ് മെമ്പർമാരായ അനുരാധ സുരേഷ്, ജോ ഇലഞ്ഞിമൂട്ടിൽ, പ്രവീൺകുമാർ, സാറാമ്മ കെ.വർഗീസ്, മുൻ വാർഡ് മെമ്പർ ഹരികൃഷ്ണൻ, അഭിലാഷ് വെട്ടിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
. 2.28 കോടി രൂപയ്ക്ക് കരാർ
. 3.75 മീറ്റർ വീതിയിൽ ഉപരിതലം ടാറിംഗ്