1
കുഞ്ഞിരാമൻ താമസിക്കുന്നെ ഷെഡിനുമുന്നിൽ

തെങ്ങമം : പള്ളിക്കൽ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് നിരവധിപ്പേർ. ലൈഫ് മിഷൻ പദ്ധതിയിൽ വീടും വസ്തുവും ലഭിക്കാൻ പഞ്ചായത്തോഫീസിൽ അപേക്ഷ നൽകിയ ഒരാളും ലൈഫിന്റെ പുതിയ ലിസ്റ്റിൽ ഇടം നേടിയിട്ടില്ലെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ നൂറ് കണക്കിനാളുകളാണ് പള്ളിക്കലിൽ ലിസ്റ്റിൽ പോലും പെടാതെ കിടക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ നൽകിയവരെയാണ് പരിഗണിച്ചതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. 2021 ആഗസ്റ്റ് 30 ആയിരുന്നു ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഓൺലൈൻ വഴി മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളു എന്നറിയാൻ വയ്യാത്ത നിരവധി പേർ പഞ്ചായത്തിൽ അപേക്ഷ നൽകി. ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള അപേക്ഷ എന്ന് രേഖപെടുത്തിയിട്ടുള്ള കൈപറ്റു രസീതും നൽകിയതോടെ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അപേക്ഷകർ. ഇപ്പോൾ ലിസ്റ്റ് വന്നപ്പോൾ നൂറ് കണക്കിന് ആളുകളാണ് പുറത്തായിരിക്കുന്നത്. 70 വയസുണ്ട് ചക്കൻചിറ തടത്തിൽ മേലേതിൽ കുഞ്ഞിരാമന്. അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണമെന്നത് കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും ആഗ്രഹമാണ്. അതിനായി വർഷങ്ങളായി ഒരു വീടിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു കുഞ്ഞിരാമൻ. ഒടുവിൽ 2020 ജൂണിലാണ് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാൻ പള്ളിക്കൽ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. അപേക്ഷ വാങ്ങി രസീതും നൽകി. പക്ഷേ ഇപ്പോൾ വീടിന്റെ ലിസ്റ്റ് വന്നപ്പോൾ കുഞ്ഞിരാമന്റെ പേരില്ല.

ഓൺലൈനായി അപേക്ഷിച്ചാൽ സ്വീകരിക്കുമെന്ന്

ഇനിയും ലൈഫിൽ വീടിന് അപേക്ഷ നൽകുമ്പോൾ ഓൺലൈനായി അപേക്ഷിച്ചെങ്കിൽ മാത്രമേ ഇവരുടെ അപേക്ഷ പോലും സ്വീകരിക്കുകയുള്ളു. ഇപ്പോൾ പള്ളിക്കൽ പഞ്ചായത്തിൽ 1450 പേരുടെ അപേക്ഷയാണ് ലഭിച്ചിരിക്കുന്നത്.അപേക്ഷകർ യോഗ്യരാണോ എന്ന വീടുകളിൽ പോയുള്ള പരിശോധനകൾ നടന്നുവരികയാണ്. ഇതിൽ കൃഷിവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടത് തർക്കം മൂലം നടന്നിട്ടില്ല.കഴിഞ്ഞ അഞ്ച് വർഷമായി 220ൽ താഴെ വീടുകൾ മാത്രമാണ് പഞ്ചായത്തിൽ നൽകാൻ സാധിച്ചത്. വാസയോഗ്യമായ വീടില്ലാത്തവർ 2500ൽ അധികമാണ്.എന്ന് വീട് കിട്ടും എന്നൊന്നും യാതൊരു നിശ്ചയവുമില്ല.

- പള്ളിക്കൽ പ‌ഞ്ചായത്തിൽ ആപേക്ഷ നൽകിയവർ 1450 പേർ

-5 വർഷത്തിനിടയിൽ 220 വീടുകൾ നൽകി

-വാസയോഗ്യമല്ലാത്ത വീടില്ലാത്തവർ 2500