പത്തനംതിട്ട: ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ 7,8,9 തീയതികളിൽ കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുക്കും. പത്തനംതിട്ടയുടെ സാംസ്കാരിക രംഗം: പരിമിതിയും പ്രതീക്ഷയും എന്ന വിഷയത്തിൽ രാവിലെ 9.30ന് നടക്കുന്ന സെമിനാർ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം രാജേഷ് എസ്.വള്ളിക്കോട് വിഷയം അവതരിപ്പിക്കും. ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ മോഡറേറ്ററായിരിക്കും. പ്രസ് ക്ളബ് പ്രസി‌ഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1.30ന് അടൂർ ഗോപാലകൃഷ്ണൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്കാരം കവി സെബാസ്റ്റ്യന് നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കവിയരങ്ങ് മനോജ് കുറൂർ ഉദ്ഘാടനം ചെയ്യും. കണിമോൾ അദ്ധ്യക്ഷത വഹിക്കും.