ചിറ്റാർ: പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരംമുറിക്കാനുള്ള അവകാശം കൃഷിക്കാർക്ക് നൽകുക,​ ‌വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക, വന്യമൃഗ ആക്രമണം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം രീതിയിൽ നഷ്ടപരിഹാരത്തുക നൽകുക, വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടാനുള്ള അനുമതി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് സി.പി.എം പെരുനാട് ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് അറിയിച്ചു. 2020 ഡിസംബർ മാസം വരെ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർഷകർക്ക് പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാർ കഴിയുന്നില്ല.മരങ്ങൾ മുറിച്ചാൽ വനംവകുപ്പ് കേസ് എടുക്കുകയാണ്. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്.ഹരിദാസ് അറിയിച്ചു.