തിരുവല്ല: ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ 84 വയസുള്ള തിരുവല്ല സ്വദേശിയിൽ വിജയകരമായി ഘടിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും ചെറിയ ഇരട്ട ചേംബർ ലീഡ് ലെസ് പേസ്മേക്കർ (മൈക്ര എവി) ഘടിപ്പിച്ച് വയോധികന്റെ ഹൃദയാരോഗ്യം വീണ്ടെടുത്തത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.ഐ) അംഗീകരിച്ചതാണ് ലീഡ് ലെസ് പേസ്മേക്കർ. പരമ്പരാഗതമായ പേസ്മേക്കറിന്റെ പത്തിലൊന്ന് വലുപ്പം മാത്രമാണ് ഇതിനുള്ളത്. ഏറ്റവും നൂതനമായ പേസിംഗ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പുതിയ ഹൃദയ ഉപകരണമാണിതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.മഹേഷ് നളിൻ കുമാർ പറഞ്ഞു. സാധാരണ പേസ്മേക്കറിനെ അപേക്ഷിച്ച് ചെറിയ പേസ്മേക്കറിനെ വയറുകളുമായി ബന്ധിപ്പിച്ചിട്ടില്ല. രണ്ടുഗ്രാം മാത്രമാണ് ഭാരം.ശരാശരി ബാറ്ററി ആയുസ് എട്ടുമുതൽ 13വർഷംവരെ ലഭിക്കും. ഞരമ്പിലെ കീഹോൾ ദ്വാരത്തിലൂടെ പൂർണമായും ഹൃദയത്തിൽ ഘടിപ്പിക്കാനാകും. ഏഴ് മുതൽ 9ലക്ഷം രൂപ വരെയാണ് ചെലവ്.രോഗിക്ക് ശസ്ത്രക്രിയയുടെ ആഘാതം കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് നയിക്കാനാകുമെന്നും 99% വിജയകരവുമെന്ന് ഇംപ്ലാന്റിന് നേതൃത്വം നൽകിയ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ.സാജൻ അഹമ്മദ്, ഡോ.അരുൺകുമാർ ജി.എന്നിവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.