ചെങ്ങന്നൂർ: പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിട്ടുനിന്നതോടെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ആർ.ഡി.ഒ വിളിച്ചു ചേർത്ത അവലോകനയോഗം പ്രഹസനമായി. അയ്യപ്പസേവാസംഘത്തെയും അയ്യപ്പസേവാ സമാജത്തേയും ഉൾപ്പെടെ പ്രധാനപ്പെട്ട ഹൈന്ദവ സംഘടനാ പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിലേക്ക് വിളിച്ചില്ലെന്നും പരാതി ഉയർന്നു. ഇന്നലെ ആർ.ഡി.ഒ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ്, ജലഅതോറിറ്റി ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരും പങ്കെടുത്തില്ല. പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങളായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് കോ-ഓർഡിനേഷൻ നടത്തേണ്ട ആർ.ഡി.ഒ വിരമിക്കുകയും ചെയ്തു.പകരം ആർ.ഡി.ഒ ഇൻചാർജ് ചുമതലയേറ്റ ശേഷമാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്യേണ്ട പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്താതിരുന്നതോടെ യോഗം വഴിപാടായി മാറി. കൂടുതൽ ബസുകൾ പമ്പക്ക് എത്തിക്കണമെന്നും ഇത്തരം സാഹചര്യം ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു. പമ്പാ സ്‌പെഷ്യൽ ബസുകളിൽ സ്ത്രീകൾ ഉൾപ്പടെ മറ്റുയാത്രക്കാരെ കയറ്റണമെന്ന എ.ടി.ഒയുടെ നിർദ്ദേവും ആർ.ഡി.ഒ ഇൻചാർജ്ജ് അംഗീകരിച്ചില്ല. ചെറുകിട കച്ചവടക്കാർ വഴിയോരങ്ങളും ഇടറോഡുകളും കൈയേറിയത് ഒഴിപ്പിക്കണമെന്ന് തഹസീൽദാർക്കും, ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് നഗരസഭാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രവത്തിക്കുന്ന താൽക്കാലിക കടകൾക്ക് വൈദ്യുതി നൽകിയതായി കെ.എസ്.ഇ.ബി പറഞ്ഞു. വഴിയോര കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാനത്തു നിന്നും കുടുംബമായി എത്തിയവരെ ഒഴിപ്പിക്കുന്നത് ദുഷ്‌ക്കരമാണെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയുളള ദിവസങ്ങിൽ റവന്യു, എക്‌സൈസ്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സ്‌ക്വാഡ് വർക്കുകൾ ശക്തമാക്കണെന്നും പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും ആർ.ഡി.ഒ ഇൻചാർജ്ജ് നിർദ്ദേശിച്ചു.
അവലോകന യോഗം വഴിപാടാക്കി
ശബരിമല അവലോകനയോഗം വഴിപാടാക്കി മാറ്റാനാണ് അയ്യാപ്പസേവാ സംഘത്തെയും മറ്റ് ഹൈന്ദവ സംഘടനാ പ്രതിനിധികളേയും വിളിക്കാതിരുന്നതിന് കാരണമെന്ന് അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ പറഞ്ഞു.അടിസ്ഥാന സൗകര്യം മാത്രമല്ല ശുദ്ധജലവും യാത്രാ സൗകര്യമൊരുക്കുന്നതിലും ഭരണകൂടം പരാജയമായി. തിരക്ക് വർദ്ധിക്കുന്ന വരും ദിവസങ്ങളിൽ വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.