 
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിലെ വികസനജനക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണെന്ന് ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. മുളക്കുഴ കോൺഗ്രസ് സൗത്ത്‌നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിഷ്‌ക്രിയത്വത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെയും കെറെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെയും സംഘടിപ്പിച്ച പ്രതിഷേധ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുപക്ഷ നേതൃത്വത്തിലുള്ള ഭരണ സമിതി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും ലൈഫ് പദ്ധതി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ വാർഡുകളോട് വിവേചനം കാണിക്കുന്നത് നീതിക്ക് നിരക്കാത്തതാണ്. സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ പഞ്ചായത്തിൽകൂടി കടന്നുപോകുന്ന ഭാഗങ്ങളിലെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.ഷിബുരാജൻ പറഞ്ഞു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് പി.വി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.കെ സജികുമാർ, പഞ്ചായത്ത് അംഗങ്ങളായ തോമസ് ഏബ്രഹാം, എം.ബി ബിന്ദു, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ എൻ. പ്രഭ, കെ.കെ ഭാനു, പി.സി.രാജൻ, എം.കെ.ജോർജ് കുട്ടി, പി.സി.തങ്കപ്പൻ, എം.എസ് ബാബുജി, കനകമ്മ, ഗീതു പ്രകാശ് എന്നിവർ പ്രസംഗിച്ചു.