ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രത്തിലെ ഏഴാം വലിയ ഉത്സവദിനത്തിൽ ഗജരാജൻ പുതുപ്പളളി കേശവനെ എഴുന്നളളത്തിന് എത്തിക്കാനുളള കിഴക്കേനട സൗഹൃദക്കൂട്ടായ്മയുടെ ശ്രമത്തിന് അനാവശ്യമായി ക്ഷേത്ര ഉപദേശക സമിതി തടസം നിൽക്കുകയും സംഘർഷാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നതായി ആരോപണം. എഴാം ഉത്സവത്തിന് കഴിഞ്ഞ കാലങ്ങളിൽ സൗഹൃദക്കൂട്ടായ്മയും ആനപ്രേമിസംഘാങ്ങളുമായ ഇവർ കേരളത്തിലെ പ്രമുഖ ആനയെ ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിക്ക് നേരത്തെ കത്തുനൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ആനയെ ബുക്കുചെയ്യുകയും ചെയ്തു. തുടർന്നാണ് അനാവശ്യ കാര്യങ്ങൾ ഉയർത്തികാട്ടി ക്ഷേത്രോപദേശക സമിതി രംഗത്തെത്തിയത്. ഇതേ തുടർന്ന് സൗഹൃദക്കൂട്ടായ്മ ദേവസ്വം കമ്മീഷണർക്ക് പരാതി നൽകുകയും കമ്മീഷണർ തങ്ങൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതായി ഇവർപറഞ്ഞു. ഇതിനുശേഷഴവും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീറെ സമ്മർദ്ദത്തിലാക്കിയും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ആനയെഴുന്നളളത്ത് തടയാനാണ് ക്ഷേത്രോപദേശക സമിതി ശ്രമിക്കുന്നത്. ഇതിൽ നിന്നും ഉപദേശക സമിതി അംഗങ്ങൾ പിന്മാറണമെന്നും പരസ്പര ധാരണയോടും സമാധാനപരമായും ഉത്സവം നടത്താനുളള സാഹചര്യം ഒരുക്കണമെന്നും സൗഹൃദക്കൂട്ടായ്മ അംഗങ്ങളായ എസ്.രാഗേഷ്,വിനോദ് ഊലേത്ത്, കെ.ജി ജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.