water
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഒാഫീസിന് മുന്നിൽ നടത്തിയ ഉപരോധം നഗരസഭ കൗൺസിലർ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നഗരത്തിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വെട്ടിപ്പുറം പ്രദേശവാസികൾ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇവിടെ കഴിഞ്ഞ അഞ്ചു മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാട്ടർ അതോറിറ്റിയിൽ പരാതിപ്പെടുമ്പോൾ ഉടൻ ശരിയാകും എന്ന് പറഞ്ഞ് പറ്റിക്കുകയാണ്. പ്രാഥമിക കൃത്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റി അധികാരികൾ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വാട്ടർ അതോറിറ്റിയിലെ നാലു ടാങ്കുകളും വെള്ളപ്പൊക്കത്തെ തുർന്ന് ചെളി കയറി അടഞ്ഞിരിക്കുകയാണ്. അത് നന്നാക്കുന്ന പണികൾ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്. കഴിഞ്ഞ ഒരു മാസമായി ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണും പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ അധികാരികൾ തയാറാകുന്നില്ലന്നും നാട്ടുകാർ പറയുന്നു. ഇങ്ങനെ പോയാൽ ടാങ്കിൽ വെള്ളം എത്തിച്ചു തരാൻ നഗരസഭാ കൗൺസിൽ തയാറാകണമെന്നും പ്രദേശവാസികൾ ആവശ്യപെടുന്നു. മുൻ നഗരസഭാ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ ഉപരോധം ഉദ്ഘാടനം ചെയ്തു. കൗൺസില സി.കെ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സിന്ധു അനിൽ, യൂസഫ് പിച്ചയ്യത്ത്, അജ്മീർ ഖാൻ, മുഹമ്മദ് ബഷീർ, നസിമ യൂസഫ് എന്നിവർ പ്രസംഗിച്ചു.