കോന്നി: റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉൾവനമായ മഞ്ഞാറയിൽ രണ്ട് മനുഷ്യശരീരങ്ങളുടെ തലയോട്ടിയും അസ്ഥിക്കഷണങ്ങളും തലമുടി, തുണിയുടെ ഭാഗങ്ങൾ എന്നിവയും കണ്ടെത്തി. കഴിഞ്ഞ സെപ്തംബറിൽ വനവിഭവങ്ങൾ ശേഖരിക്കുവാൻ പോയ ആദിവാസി ദമ്പതികളായ കൊക്കാത്തോട് കോട്ടാംപാറ ശശി, ഭാര്യ സുനിത എന്നിവരെ കാണാതായിരുന്നു .ഇവർ തിരികെ വരാതായതിനെ തുടർന്ന് സുനിതയുടെ പിതാവ് അച്യുതൻ കോന്നി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ ദമ്പതികളുടേതാണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. വിദഗ്ദമായ ഫോറൻസിക്, ഡി.എൻ.എ പരിശോധനകൾക്കു ശേഷമേ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാകുവെന്ന് അധികൃതർ പറഞ്ഞു. കോന്നി ഡിവൈ.എസ്.പി കെ.ബൈജുകുമാറിന്റെ നിർദേശപ്രകാരം സി.ഐ. ജി. അരുൺ, എസ്.ഐ മാരായ ജോർജ് ഫിലിപ്പ്, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വനത്തിൽ പരിശോധന നടത്തിയത്.