 
മല്ലപ്പള്ളി: മുരണി -കാവനാൽക്കടവ് പാലത്തിന് സമീപം വഴിവിളക്കില്ലെന്ന് പരാതി. സന്ധ്യകഴിഞ്ഞാൽ കൂരിരുട്ടാണ്. കാൽ നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുകരകളിലും അപ്രോച്ച് റോഡുകൾ തകർന്നു കിടക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രദേശത്ത് അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. അപ്രോച്ച് റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്. ഇരു ചക്രവാഹന യാത്രികരാണ് ഇവിടെ അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. കുളത്തൂർമൂഴി- ചക്കാലക്കുന്ന് വായ്പ്പൂര് പ്രദേശങ്ങളിലുള്ളവരും ഈ അപ്രോച്ച് റോഡുകളേയും പാലത്തിനേയും ആശ്രയിക്കുന്നുണ്ട്. സമീപ പ്രദേശമായ പുല്ലുകുത്തി- മല്ലപ്പള്ളി റോഡും തകർന്നു നാമാവശേഷമായി. പേരിനുമാത്രം ടാറിംഗ് നടത്തി പോകുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി പ്രദേശത്ത് വഴിവിളക്കു സ്ഥാപിക്കുകയും റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
.........................
മുരണി - ആനിക്കാട് കരകളെ ബന്ധിപ്പിക്കുന്ന കാവനാൽ കടവ് പാലം യഥാർഥ്യമായെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. ഒട്ടേറെ വർഷങ്ങളെടുത്ത് പൂർത്തിയായ പാലത്തിന്റെ ഫിനിഷിംഗ് വർക്കുകൾ മാത്രം തീർക്കുവാൻ എടുത്തത് ഒരു വർഷമാണ്.സന്ധ്യാസമയത്തും രാത്രിയിലും പാലത്തിലൂടെ കാൽനടയായും ഇരുചക്രവാഹനത്തിലും യാത്രചെയ്യുന്ന സ്ത്രീകൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്. അധികാരികൾ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം.
രാജു ആനിക്കാട്
(പ്രദേശവാസി)