 
റാന്നി: റാന്നിയെ മാതൃക ആയുഷ് ഗ്രാമമായി മാറ്റുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ റാന്നി നിയോജക മണ്ഡലത്തില ആയുർവേദ ഹോമിയോ ഡോക്ടർമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കും. സ്കൂൾ കുട്ടികൾക്കായി പ്രത്യേക ആരോഗ്യ പദ്ധതികൾ നടപ്പാക്കും. കൂടാതെ വയോജനങ്ങൾ, സ്ത്രീകൾ എന്നിവരുടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക പദ്ധതികൾ തയാറാക്കും. അയിരൂർ ജില്ലാ ആയൂർവേദ ആശുപത്രിയുടെയും തെള്ളിയൂർ ജില്ലാ ഹോമിയോ ആശുപത്രി യുടെയും വികസനം ഉറപ്പാക്കുന്നതിനൊപ്പം ഇവിടങ്ങളിൽ പാരാമെഡിക്കൽ കോഴ്സുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.എല്ലാ ഡിസ്പെൻസറികളും മരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യം, രോഗികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനുള്ള സ്ഥല സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.